ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക ഏഴാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് രണ്ടാം റൗണ്ടില്‍ പുറത്ത്. നാല് മണിക്കൂറും അഞ്ച് സെറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറ്റ്‌സിപാസിന്റെ തോല്‍വി. ലോക 128-ാം റാങ്ങിലുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ഡൊമിനിക്
സ്ട്രൈക്കറാണ് സിറ്റ്‌സിപാസിനെ അട്ടിമറിച്ചത്. ഡൊമിനിക് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.
ശക്തമായ ഫോര്‍ഹാന്‍ഡ് ഷോട്ടുകളും നെറ്റ് പ്ലേയുമാണ് സ്‌ട്രൈക്കറിനെ ജയത്തിലേക്ക് എത്തിച്ചത്. ആദ്യ സെറ്റില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ സ്‌ട്രൈക്കര്‍ ജയിച്ചു. പിന്നീടുള്ള മൂന്ന് സെറ്റുകള്‍ ടൈബ്രേക്കര്‍ വരെ നീണ്ടു. രണ്ടും മൂന്നും സെറ്റ് ജയിച്ച സിറ്റ്‌സിപാസ് മത്സരത്തില്‍ മുന്നിലെത്തി. നാലാം സെറ്റ് ജയിച്ച സ്‌ട്രൈക്കര്‍ ഒപ്പമെത്തി.
അഞ്ചാം സെറ്റിലും സ്‌ട്രൈക്കര്‍ ശക്തമായ പോരാട്ടം പുറത്തെടുത്തതോടെ സിറ്റ്‌സിപാസ് തോല്‍വി സമ്മതിച്ചു. സ്‌കോര്‍ 5-7, 7-6 (7-2), 7-6 (7-5), 6-7 (6-8), 3-6. മത്സരം കടുത്തതായിരുന്നുവെന്ന് വിജയശേഷം സ്‌ട്രൈക്കര്‍ പ്രതികരിച്ചു. ആദ്യ സെറ്റ് വിജയിച്ചത് ആത്മവിശ്വാസം നല്‍കി. മൂന്നാം റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സ്‌ട്രൈക്കര്‍ വ്യക്തമാക്കി.