വാഷിങ്ടണ്‍: യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ജോ ബൈഡന്‍. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡന്‍ നിയമിച്ചത്. ലിസയുടെ 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നല്‍കുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി.
”38 വര്‍ഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപ്പറേഷനുകളുടെ ചുമതല അവരെ ഏല്‍പ്പിക്കുകയാണ്.”- ലിസയുടെ നിയമനത്തെക്കുറിച്ച് ബൈഡന്‍ പ്രതികരിച്ചു. കരിയറിലുടനീളം ഫ്രാങ്കെറ്റി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
”യുഎസ് നാവികസേനയില്‍ ഫോര്‍ സ്റ്റാര്‍ അഡ്മിറല്‍ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി. നാവിക ഓപ്പറേഷന്‍സ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസ.”- ജോ ബൈഡന്‍ പറഞ്ഞു.
ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തില്‍ യുഎസ് സേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
നിലവില്‍ യുഎസ് നാവികസേനയുടെ വൈസ് ചീഫായി സേവനമനുഷ്ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി. 1985ലാണ് ലിസ സേനയില്‍ എത്തുന്നത്. കൊറിയയിലെ യുസ് നാവിക ഓപ്പറേഷനുകളുടെ കമാന്‍ഡറായി സേവനം ചെയ്തു. യുസ് നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറില്‍ വൈസ് സിഎന്‍ഒ ആയി.