ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുന്നതില്‍ സമയക്രമം പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക പദവി മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക പുതുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായതായും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആദ്യം നടത്തുക പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും കോടതിയെ അറിയിച്ചു.
പ്രത്യേകപദവി എടുത്ത് കളഞ്ഞ് ജമ്മു ക്ശമിരീനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 2018ല്‍ ഇവിടെ 52 ബന്ദുകള്‍ നടന്നെങ്കില്‍ അതിന് ശേഷം ഒരു ബന്ദുപോലും നടന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചു. 2018ല്‍ ഉണ്ടായ കല്ലേറ് സംഭവങ്ങളുടെ കണക്കും താരതമ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ 97.2%മായി കുറഞ്ഞെന്നും സുരക്ഷാ ഭടന്മാരുടെ മരണം 65.9% കുറഞ്ഞെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
5000 ആളുകളെ വീട്ടുതടങ്കലില്‍ വയ്ക്കുകയും സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടാണ് ഒരു ബന്ദുപോലും ഉണ്ടായിട്ടില്ലെന്ന് പറയുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ പരിഹസിച്ചു.
ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി തിരികെ നല്‍കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുന്ന വിഷയത്തില്‍ നിലപാട് അറിയിച്ചത്.