കൊളംബോ: ലങ്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ പുതിയൊരു ‘അതിഥി’യെത്തി. ശനിയാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജാഫ്ന കിംഗ്സും ബി-ലവ് കാന്‍ഡിയും തമ്മില്‍ നടന്ന മത്സരത്തിലാണ് ബൗണ്ടറിക്ക് സമീപം പാമ്പിനെ കണ്ടത്. സീസണിലെ 15-ാം മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം.
ഗ്രൗണ്ടിന്റെ അതിര്‍ത്തിയിലെ പരസ്യ സ്‌ക്രീനുകള്‍ക്ക് പിന്നില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടപ്പോള്‍ ഉടനെ ക്യാമറപേഴ്സണ്‍സ് സ്ഥലത്തു നിന്നും മാറി. ഒരുപക്ഷേ അദ്ദേഹം ക്യാമറക്കാരുടെ ജോലി ഏറ്റെടുക്കാന്‍ വന്നതായിരിക്കാമെന്നാണ് മത്സരം കമ്മന്ററി ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഷോണ്‍ പൊള്ളോക്ക് പറഞ്ഞത്. മത്സരത്തില്‍ എട്ട് റണ്‍സുകള്‍ക്ക് ബി-ലവ് കാന്‍ഡി വിജയിച്ചിരുന്നു.
ഇതാദ്യമായല്ല ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ പാമ്പിനെ കാണുന്നത്. സീസണിലെ രണ്ടാം മത്സരമായ ഗല്ലി ടൈറ്റന്‍സും ദംബുല്ല ഓറയും തമ്മിലുള്ള മത്സരത്തിനിടെയും ‘അപ്രതീക്ഷിത അതിഥി’ എത്തിയിരുന്നു. പാമ്പിനെ കണ്ട് താരങ്ങളും അമ്പയര്‍മാരും ചിരിക്കുന്നതും മാച്ച് ഒഫീഷ്യലുകളില്‍ ഒരാള്‍ പാമ്പിന് പിന്നാലെ പോകുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെച്ച മത്സരം പാമ്പ് ഗ്രൗണ്ട് വിട്ടശേഷമാണ് പുനരാരംഭിച്ചത്.