വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കി യുകെ; 2026 മുതൽ പുതിയ കുടിയേറ്റനിയമം
ലണ്ടൻ ∙ 2026 ജനുവരി 8 മുതൽ യുകെയിലെ കുടിയേറ്റ സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുന്നു. കുടിയേറ്റ പ്രക്രിയ കൂടുതൽ നിയന്ത്രിതവും നീതിയുക്തവുമായതാക്കുകയാണ് ലക്ഷ്യം.
പുതിയ നിയമപ്രകാരം ഇംഗ്ലീഷ് യോഗ്യതാ മാനദണ്ഡം ഉയർത്തൽ, പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി കുറവ്, ഇമിഗ്രേഷൻ സ്കിൽസ് ചാർജ് വർധന എന്നിവയുൾപ്പെടെ കർശന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് യുകെയുടെ ‘പ്ലാൻ ഫോർ ചേഞ്ച്’ പദ്ധതിയുടെ ഭാഗമാണ്. അഭയം, അതിർത്തി സുരക്ഷ തുടങ്ങിയ മേഖലകളിലും കൂടുതൽ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹോം ഓഫിസ് അറിയിച്ചു.
പ്രധാന മാറ്റങ്ങൾ:
ഇംഗ്ലീഷ് യോഗ്യത ഉയർത്തി:
ഇനി മുതൽ കുടിയേറ്റക്കാർക്ക് A-ലെവലിന് തുല്യമായ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കണം. ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന തലത്തിലുള്ള ഇംഗ്ലീഷ് പരീക്ഷ പാസാകണം.
പോസ്റ്റ് സ്റ്റഡി വീസ 18 മാസമായി കുറച്ചു:
നിലവിൽ രണ്ട് വർഷം ആയിരുന്ന വീസാ കാലാവധി 2027 ജനുവരി 1 മുതൽ 18 മാസമാകും. പഠനം കഴിഞ്ഞ് ബിരുദതല ജോലികൾ ലഭിക്കാത്തവരുടെ നിരക്ക് കൂടുതലായതിനെ തുടർന്നാണ് തീരുമാനം.
(വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കി യുകെ; 2026 മുതൽ പുതിയ കുടിയേറ്റനിയമം)
വിദ്യാർത്ഥി വീസാ സാമ്പത്തിക ആവശ്യകതകൾ വർധിക്കും:
2025–26 അധ്യയന വർഷത്തിൽ നിന്ന്, വിദ്യാർത്ഥികൾക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ മതിയായ പണം അക്കൗണ്ടിൽ തെളിയിക്കണം.
High Potential Individual (HPI) വീസ വിപുലീകരണം:
ലോകത്തിലെ മുൻനിര 100 സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് ഈ വീസാ വിഭാഗം ലഭിക്കും. പ്രതിവർഷം 8,000 അപേക്ഷകൾ വരെ അനുവദിക്കും.
Innovator Founder റൂട്ടിലേക്ക് എളുപ്പമാർഗം:
യുകെയിൽ പഠിക്കുന്ന മികച്ച സംരംഭകർക്ക് സ്റ്റുഡന്റ് വീസയിൽ നിന്ന് ഇന്നൊവേറ്റർ ഫൗണ്ടർ വീസയിലേക്ക് മാറ്റം എളുപ്പമാകും.
ബോട്സ്വാന പൗരന്മാർക്ക് വീസ നിർബന്ധം:
2022 മുതൽ യുകെയിൽ അഭയം തേടുന്ന ബോട്സ്വാന പൗരന്മാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
സർക്കാർ ലക്ഷ്യം:
കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിലൂടെ പ്രതിവർഷം കുടിയേറ്റക്കാരുടെ എണ്ണം 100,000 ആയി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ നെറ്റ് മൈഗ്രേഷൻ 431,000 ആണെന്ന സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു (2003ൽ 906,000 ആയിരുന്നു).
ഹോം സെക്രട്ടറിയുടെ പ്രസ്താവന:
“യുകെയിൽ താമസിക്കാനോ ജോലിചെയ്യാനോ ആഗ്രഹിക്കുന്നവർ ഈ രാജ്യത്തിന്റെ ഭാഷയിൽ പ്രാവീണ്യം തെളിയിക്കണം. രാജ്യത്തിന് സംഭാവന നൽകാൻ കഴിവുള്ളവരെ സ്വാഗതം ചെയ്യും, പക്ഷേ അത് തെളിയിക്കേണ്ടതുണ്ട്,” — ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പാർലമെന്റിൽ പറഞ്ഞു.









