ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായതിനാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം വഹിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കായതായി ചീഫ് സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് 3700 ല്‍ ഇരകള്‍ക്ക് ഈ തുക സര്‍ക്കാര്‍ കൈമാറിയത്.
എന്‍ഡോസള്‍ഫാന്‍ ഇരകളായ ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ് സുധീറും ഹാജരായി. സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി സീനിയര്‍ അഭിഭാഷാകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.