തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബിന് പകരം നീളമുള്ള കൈകളുള്ള ജാക്കറ്റും തലമറയ്ക്കാന്‍ സര്‍ജിക്കല്‍ ഹുഡും അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 7 എംബിബിഎസ് വിദ്യാര്‍ഥികളുടെ കത്ത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാങ്കേതിക വിഷയമായതിനാല്‍ ആരോഗ്യ പ്രോട്ടോകോള്‍ സംബന്ധിച്ച് അധ്യാപകര്‍ തന്നെ വിദ്യാര്‍ഥികളോടു വിശദീകരിക്കുമെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
”മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവരുടെ അധ്യാപകരോട് ഒരു കാര്യം ആവശ്യപ്പെട്ടു. അത് അധ്യാപകര്‍ പരിശോധിച്ചു തീരുമാനിക്കും. ഓപ്പറേഷന്‍ തിയറ്ററില്‍ സ്വീകരിക്കേണ്ട നടപടികള്‍ ഡോക്ടര്‍മാരുടെ സംഘടന തന്നെ വിശദീകരിച്ചു കഴിഞ്ഞു. ഏതെങ്കിലും ഒരു ഭരണകൂടമല്ല ഓപ്പറേഷന്‍ തിയറ്ററിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായുണ്ടായ പ്രോട്ടോക്കോളുമല്ല. ഇതു തികച്ചും സാങ്കേതികമാണ്. സാങ്കേതികമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനം ഓപ്പറേഷന്‍ തിയറ്ററില്‍ അണുബാധയേല്‍ക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണു ഓപ്പറേഷന്‍ തിയറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന് തിയറ്റര്‍ അടച്ചിട്ടാല്‍ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണു തുറക്കുന്നത്. അണുബാധ ഒഴിവാക്കാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളാണു പിന്‍തുടരുന്നത്” – മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിനു പകരമായി നീളമുള്ള കൈകളോടു കൂടിയ സ്‌ക്രബ് ജാക്കറ്റുകളും തലമറയ്ക്കാന്‍ സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു എംബിബിഎസ് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനു കത്തു നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പല്‍ സര്‍ജന്‍മാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തിയറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കുന്നില്ലെന്നു വിദ്യാര്‍ഥികളുടെ കത്തില്‍ പറയുന്നു. ഹിജാബ് ധരിക്കേണ്ടത് മതപരമായി നിര്‍ബന്ധമുള്ള കാര്യമാണ്. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ പ്രയാസം നേരിടുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.