ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിയുടെ ഉയര്‍ന്ന വിലയില്‍ മാറ്റമില്ല. ഒരു മാസത്തിലധികമായി തക്കാളിയുടെ വില 100 രൂപക്ക് മുകളില്‍ തന്നെ തുടരുകയാണ്. പച്ചക്കറി വില പിടിച്ചുനിര്‍ത്താനാവാത്ത വിധം കുതിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില 180 രൂപയായി. ഇഞ്ചി കിലോയ്ക്ക് 280-ആണ് വില. ബീന്‍സിനും വില 100 കടന്നു. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഹിമാചല്‍ പ്രദേശില്‍ പെയ്യുന്ന മഴ കാരണം കാബേജ്, കോളിഫ്‌ലവര്‍, കുക്കുമ്പര്‍, ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ക്കും വില കൂടാന്‍ സാധ്യതയുണ്ട്.
മെയ് മാസം ആദ്യം ബെംഗളുരുവില്‍ തക്കാളിയ്ക്ക് 15 രൂപയായിരുന്നു വില. ജൂണ്‍ പകുതിയോടെ വില 40 മുതല്‍ 50 രൂപയായി ഉയര്‍ന്നു. ദിവസങ്ങള്‍ കൊണ്ടാണ് വില കുതിച്ചുയര്‍ന്നത്. കടുത്ത ചൂടും കാലവര്‍ഷം വൈകിയെത്തിയതും തക്കാളിയുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.
തക്കാളി ഉത്പാദനം കുറഞ്ഞതോടെയാണ് വില കൂടിയത്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ഡല്‍ഹിയില്‍ വിലക്കയറ്റമുണ്ടായതെന്നാണ് എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. വില കൂടിയതോടെ ആളുകള്‍ വാങ്ങുന്ന പച്ചക്കറിയുടെ അളവ് കുറച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തക്കാളിയുടേതടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.