ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ്മയാണ് പുതുമുഖം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് തിലകിന് ഗുണമായത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിന് പുറത്തായി. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഹാര്‍ദിക്ക് പാണ്ഡ്യ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍.
പേസര്‍ പ്രസീദ് കൃഷ്ണ ടീമില്‍ ഇടം പിടിച്ചപ്പോള്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ ഒഴിവാക്കപ്പെട്ടു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. സമീപകാലത്ത് ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച രവിചന്ദ്രന്‍ അശ്വിന്‍ ടീമിലില്ല. 17 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമില്‍ ഇടമില്ലെങ്കിലും 18-ാമനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്ക് അപ്പ് താരമാണ് സഞ്ജു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, പ്രസീദ് കൃഷ്ണ.