കോസ്‍മെറ്റിക് ലോകത്ത് ഏറെ ശ്രദ്ധയാർഷിച്ച ഒരു സൗന്ദര്യ വർദ്ധക രീതിയാണ് വാംപയർ ഫേഷ്യൽ. അമേരിക്കയിൽ ന്യൂമെക്സിക്കോയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്പായിൽ നിന്ന് വാംപയർ ഫേഷ്യൽ ചെയ്ത മൂന്ന് സ്ത്രീകള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഇതോടെ പാർട്ടികളിൽ തിളങ്ങാനും യൗവനം നിലനിർത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയർ ഫേഷ്യൽ വൻ ദുരന്തമായിരിക്കുകയാണ്. അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ടിലാണ് സ്പാ വഴി എച്ച്‌ഐവി പകര്‍ന്നു എന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളുമാകാം വൈറസ് ബാധ പടർത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് സ്ത്രീകള്‍ ഫേഷ്യൽ ചെയ്തത്. സുരക്ഷാമുൻകരുതലുകൾ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൂചികളുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പലതവണ ഉപയോഗിച്ചുവെന്നും രക്തംസൂക്ഷിച്ചിരുന്ന കുപ്പികളിൽ ആളുടെ പേരെഴുതിയിരുന്നില്ലെന്നും മനസ്സിലായി. ഇതാവാം എച്ച്.ഐ.വി. ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തൽ.
ഒരു വ്യക്തിയുടെ കൈയില്‍ നിന്ന് രക്തം വലിച്ചെടുത്ത് പ്ലേറ്റ്ലെറ്റുകള്‍ വേര്‍തിരിച്ച് മൈക്രോനീഡില്‍സ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പുരട്ടുന്ന പ്രത്യേക തരം സൗന്ദര്യ വര്‍ദ്ധക പ്രക്രിയയാണ് വാമ്പയര്‍ ഫേഷ്യല്‍. ഈ പ്ലേറ്റ്ലെറ്റുകള്‍ ചെറിയ സൂചികള്‍ ഉപയോഗിച്ച് മുഖത്തേക്ക് കുത്തിവയ്ക്കുന്ന രീതിയും ഉണ്ട്. അങ്ങിനെ ഇവ ചര്‍മ്മത്തിലേക്ക് കടക്കുന്നതിലൂടെ ചുളിവുകളും മുഖക്കുരു പാടുകളും കുറയുമെന്നാണ് പറയപ്പെടുന്നത്. പ്ലേറ്റ്ലെറ്റുകള്‍ പുതിയ ചര്‍മ്മകോശങ്ങളുടെയും കൊളാജന്റെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്നാണ് പ്രചാരം. എന്നാൽ അണുവിമുക്തമല്ലാത്ത സാഹചര്യത്തിൽ ഇത് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതുറക്കുമെന്നാണ് വ്യക്തമാകുന്നത്.