കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് കാണാതായ നാല് കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം കാണാതായ യുപി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഏറനാട് എക്‌സ്പ്രസ് കയറിയാണ് കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണില്‍ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയും റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയുമായിരുന്നു. കുട്ടികളെ രാത്രിയോടെ കോഴിക്കോട്ട് എത്തിക്കും.
ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതില്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ബാക്കിയുള്ളവര്‍ കേരളത്തില്‍തന്നെയുള്ളവരാണ്. കുട്ടികള്‍ക്കായി അന്വേഷണം തുടരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ആര്‍പിഎഫിനും കുട്ടികളുടെ വിവരം കൈമാറിയതായി പൊലീസ് അറിയിച്ചു.
രാവിലെ അഞ്ചരയോടെ വാര്‍ഡന്‍ മുറിയില്‍ പരിശോധിച്ചെങ്കിലും പായില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന പോലെ കണ്ടു. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് പായയില്‍ തലയണ പുതപ്പുകൊണ്ട് മൂടിവച്ച് ഉറങ്ങുന്ന പോലെ ഡമ്മി ഉണ്ടാക്കി കുട്ടികള്‍ രക്ഷപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.
മുറി പരിശോധിച്ചതില്‍ ശുചിമുറിയുടെ ജനലഴി അടിച്ചു പൊട്ടിച്ചാണ് നാലുപേരും അതുവഴി രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. ആറരയോടെ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രക്ഷപ്പെട്ട ഒരു കുട്ടിക്ക് വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന് സംശയിക്കുന്നുണ്ട്.
ചില്‍ഡ്രന്‍സ് ഫോമില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് രാത്രി രണ്ടു വാര്‍ഡനെയും ഒരു സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ സംഭവം സമയത്ത് സൂപ്രണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് മറ്റു ജീവനക്കാര്‍ പറയുന്നത്. കുട്ടികളെ നോക്കേണ്ട വാര്‍ഡന്‍മാര്‍ ജനലഴി അടിച്ചു പൊട്ടിക്കുന്ന ശബ്ദം പോലും കേള്‍ക്കാത്തതിലും ദുരൂഹതയുണ്ട്. പൊലീസ് ഇതും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കോട്ടയത്തെ ഗേള്‍സ് ഹോമില്‍നിന്ന് ഒന്‍പതു പെണ്‍കുട്ടികള്‍ ചാടിപ്പോയത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഈ ഗേള്‍സ് ഹോം അടച്ചു പൂട്ടുകയും ചെയ്തു.