ന്യൂഡല്‍ഹി: കാനഡയില്‍ നാടുകടത്തല്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്.ഈ വിഷയം കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പഞ്ചാബ് വിദേശകാര്യമന്ത്രി കുല്‍ദീപ് സിങ്ങ് ധലിവാള്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.
‘ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു’- ഇന്ത്യയില്‍ നിന്നുള്ള ലവ്പ്രീത് സിങ്ങ് പറഞ്ഞു. ‘ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായതെന്നും ലവ്പ്രീത് സിങ്ങ് പറഞ്ഞു.
പല വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ ലെറ്ററുകള്‍ ലഭിച്ച കോളേജുകളിലല്ല പ്രവേശനം നേടാനായതെന്ന് പഞ്ചാബില്‍ നിന്നുള്ള ചമ്‌നദീപ് സിങ്ങ് പറയുന്നത്. കോളജുകളില്‍ സീറ്റ് നിറഞ്ഞെന്നു പറഞ്ഞ് ഏജന്റുമാര്‍ തന്നെ മറ്റു കോളജുകളില്‍ പ്രവേശനം നല്‍കുകയായിരുന്നെന്നും ആക്ഷേപങ്ങളുണ്ട്.
മേയ് 29 മുതല്‍ മിസ്സിസ്സാഗയിലെ എയര്‍പോര്‍ട്ട് റോഡിലുള്ള കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ)യ്ക്ക് മുന്നിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസ് വഴിയെത്തിയ വിദ്യാര്‍ഥികളാണിവര്‍. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യാര്‍ഥിയില്‍നിന്ന് അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതില്‍ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടില്ലതാനും.
2018-19 കാലത്താണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി കാനഡയിലേക്കെത്തിയത്. തുടര്‍ന്ന് പിആറിനായി (പെര്‍മനന്റ് റെസിഡന്‍സി) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയവരാണ്. കാനഡയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പെന്നാണ് വിവരം.