തിരുവനന്തപുരം: ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനപ്രവാഹത്തിനു നടുവിലൂടെ. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കയറി. ചടയമംഗലത്തും വന്‍ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തുന്നത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് യാത്ര. വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ പെരുമഴ പോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. എംസി റോഡില്‍ പുലര്‍ച്ചെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30ന് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാല്‍ വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കര്‍മമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആള്‍ക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവര്‍ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.