ചെവി വൃത്തിയാക്കാന്‍ കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചെവി പ്രത്യേകപരിഗണന കൊടുക്കേണ്ട വളരെ പ്രധാനപ്പെട്ട അവയവമാണ്. ചെവിയില്‍ കുറച്ചുകാലം കൂടുമ്പോള്‍ മെഴുകു പോലുള്ള ഒരു വസ്തു രൂപപ്പെടും. ഈ വാക്‌സ് നീക്കം ചെയ്യാന്‍ കോട്ടണ്‍ബഡ്‌സ് ഉപയോഗിക്കും മുന്‍പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്.
ചെവിയിലെ ഈ മെഴുക് (cerumen) നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരവും അണുബാധ ഉണ്ടാക്കുന്നതും ആണെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഗുണത്തേക്കാളേറെ കോട്ടണ്‍ ബഡ്‌സുകള്‍ ദോഷമാണ് ചെയ്യുക. ഇടയ്ക്കിടെ കോട്ടണ്‍ ബഡ് ഉപയോഗിക്കുമ്പോള്‍ െമഴുകിനെ കര്‍ണപുട (eardrum) ത്തിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. കര്‍പുടം പൊട്ടാന്‍ ഇതിടയാക്കും. മാത്രമല്ല ഇയര്‍വാക്‌സിനെ ബഡ് ചെവിക്കുള്ളിലേക്ക് തള്ളുന്നത് തടസ്സം (block) ഉണ്ടാകുകയും ഇത് കട്ടിയായി സ്ഥിരമായ േകള്‍വിനഷ്ടത്തിലേക്കു നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മെഴുക് കര്‍ണപടത്തെ തുളയ്ക്കുകയും കടുത്ത വേദനയ്ക്കും അണുബാധയ്ക്കും കാരണമാകുകയും ചെയ്യും. വളരെ നേര്‍ത്ത, സെന്‍സിറ്റീവായ ഇടങ്ങളില്‍ ബഡ് ഉരയ്ക്കുമ്പോള്‍ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്.
ചെവിയിലെ അണുബാധയുടെ ലക്ഷണങ്ങള്‍
- ചെവി വേദന
- ചെവിയില്‍ മുഴക്കം
- കേള്‍വിക്കുറവ്
- ചെവിയില്‍നിന്ന് ദുര്‍ഗന്ധം
- ഇടയ്ക്കിടെയുള്ള തലചുറ്റല്‍
- കടുത്ത ചുമ
കോട്ടണ്‍ ബഡുകള്‍ ഉപയോഗിക്കാതെ എങ്ങനെ ചെവി വൃത്തിയായി സൂക്ഷിക്കാം?
ചെവി വൃത്തിയായി സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
നനഞ്ഞ തുണി
കോട്ടണ്‍ ബഡ്ഡുകള്‍ വാക്‌സിനെ ചെവിക്കുള്ളിലേക്ക് തള്ളും എന്നതിനാല്‍ ചെവിക്കു പുറത്തു മാത്രം കോട്ടണ്‍ ബഡുകള്‍ ഉപയോഗിക്കുകയോ അതിനുശേഷം ഇളം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചെവിയുടെ പുറംഭാഗം തുടച്ചു വൃത്തിയാക്കുകയും ചെയ്യാം.
ക്ലീനിങ്ങ് ഡ്രോപ്‌സ്
വാക്‌സിനെ മൃദുവാക്കാന്‍ സഹായിക്കുന്ന ക്ലീനിങ് ഡ്രോപ്‌സ് ലഭ്യമാണ്.
ബള്‍ബ് സിറിഞ്ച്
ഒരു സിറിഞ്ച് ഉപയോഗിച്ച് ചെവി നനയ്ക്കാം. വെള്ളമോ ഉപ്പുവെള്ളമോ ഉപയോഗിച്ച് ഇയര്‍ കനാല്‍ വൃത്തിയാക്കാം. ഇത്തരത്തില്‍ ചെവി വൃത്തിയാക്കുന്നതിന് വൈദ്യനിര്‍ദേശം തേടാവുന്നതാണ്.