രണ്ടാം പിണറായി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്ക്. പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണം സര്‍ക്കാരിന്റെ പോരായ്മ. സിപിഐഎംന്റെ മുഖപ്രസിദ്ധീകരണങ്ങളിലൊന്നായ ചിന്തയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തോമസ് ഐസക്ക് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോയംഗമായ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ ഇതാദ്യമായാണ് ഒരു കേന്ദ്ര കമ്മിറ്റിയംഗം ഇത്ര രൂക്ഷമായ വിമര്‍ശനം നടത്തുന്നത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് ആരംഭിച്ച പാര്‍ട്ടിയുടെ അഭിമാന പദ്ധതിയായ അധികാരവികേന്ദ്രീകരണത്തെ കൂട്ട്പിടിച്ചാണ് തോമസ് ഐസക്ക് രണ്ടാം പിണറായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയം.
അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ലെന്ന് ലേഖനത്തില്‍ പറയുന്നു. സന്നദ്ധപ്രവര്‍ത്തകരെ അപമാനിച്ച് പിരിച്ചുവിട്ട രീതിമൂലം വളരെ ചുരുക്കം പേര്‍ മാത്രമേ പഴയതുപോലെ പ്രവര്‍ത്തനരംഗത്ത് തിരിച്ചുവരാന്‍ തയ്യാറാകുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയത വീണ്ടെടുക്കുക. പങ്കാളിത്താസൂത്രണ പ്രക്രിയയില്‍ നൂതനപദ്ധതി കള്‍ ആവിഷ്‌കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയവയില്‍ സംസ്ഥാനം മുന്നോട്ട് പോകേണ്ടതുണ്ട്. ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുടെ നീണ്ടനിരയുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി. വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല.
സേവന മേഖലയെക്കുറിച്ചും ജനങ്ങളുടെ പരാതികള്‍ കൂടിവരികയാണന്നും തോമസ് ഐസക്ക് ചൂണ്ടികാട്ടുന്നു. അധികാരം എല്ലാ മേഖലകളിലേക്കുമായി വികേന്ദ്രീകരിക്കുക എന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പക്ഷെ നിലവില്‍ അധികാരം ചിലരിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന് പറയാതെ പറയുകയാണ് തോമസ് ഐസക്ക്. നിര്‍ണായകമായ പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തൊട്ട് മുമ്പ് ലേഖനം വന്നതില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന് എതിര്‍പ്പുണ്ട്.
പക്ഷെ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നാരും പരസ്യമായി പ്രതികരിക്കില്ല. ലേഖനത്തിലെ അഭിപ്രായം പാര്‍ട്ടി യോഗങ്ങളില്‍ തോമസ് ഐസക്ക് ഉയര്‍ത്തിയാല്‍ അപ്പോള്‍ മറുപടി പറയാനാണ് സാധ്യത. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിനെ ഉള്‍പാര്‍ട്ടി ചര്‍ച്ചയുടെ പേരില്‍ നിര്‍ത്തിപൊരിച്ച ചരിത്രമാണ് സിപിഐഎം സംസ്ഥാന കമ്മിറ്റികള്‍ക്ക് ഉള്ളത്. പക്ഷെ 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല,തിരുവായ്ക്ക് എതിര്‍വായില്ല എന്ന രീതിയിലാണ് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനമെന്നും ആരോപണമുണ്ട്. ഇതാദ്യമായാണ് പാര്‍ട്ടിയിലെ പ്രമുഖ അംഗം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.