ന്യൂഡല്‍ഹി: ആലുവയില്‍ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് ബെന്നി ബെഹന്നാന്‍ എംപി. സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പൊലീസ് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ബെന്നിബെഹന്നാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
അതേസമയം, ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കുഞ്ഞിനെയും പ്രതി അസഫാക് ആലമിനെയും ഒരുമിച്ചു കണ്ട സാക്ഷികളെ കണ്ടെത്താനാണു ശ്രമം. പ്രതിയും കുട്ടിയും ഒരുമിച്ചുള്ളതും പ്രതി മാത്രമുള്ളതുമായ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആലുവ മാര്‍ക്കറ്റിലുള്‍പ്പെടെ പ്രതിയെയും കുട്ടിയെയും ഒരുമിച്ചു കണ്ട സാക്ഷികളുണ്ട്. കൂടുതല്‍ സാക്ഷികളെ ലഭിച്ചാല്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയേക്കും. കൊലപാതകത്തില്‍ ആരുടെയെങ്കിലും സഹായം പ്രതിക്കു ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നു ഡിഐജി എ. ശ്രീനിവാസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അസഫാക്കിനെ കൂടുതല്‍ ചോദ്യം ചെയ്യും. ബിഹാര്‍ പൊലീസിനെ ബന്ധപ്പെട്ടു ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.