തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലം ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 225 രൂപ നല്‍കണം. നേരത്തെ അത് 120 രൂപയായിരുന്നു. 30 രൂപയാണ് വര്‍ധിച്ചത്. കാറിനുള്ള മന്തിലി പാസ് 5035 രൂപയിലും മാറ്റം വന്നിട്ടുണ്ട്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതല്‍ 970 രൂപ വരെയും ടോള്‍ നല്‍കണം.
തിരുവല്ലയില്‍ ടോള്‍ പിരിവ് തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു. അതേസമയം ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ കെ വി അഭിലാഷും ആവശ്യപ്പെട്ടു. ടോള്‍ തുടങ്ങിയതിനുശേഷം ഏതൊരു മാനദണ്ഡവും ഇല്ലാതെയാണ് ടോള്‍ വര്‍ദ്ധനവ് നടത്തുന്നത്. ആദ്യം നിശ്ചയിച്ച നിരക്കില്‍ നിന്നും അഞ്ച് മടങ്ങായാണ് നിരക്ക് വര്‍ദ്ധിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
തിരുവല്ലം ജംഗ്ഷനിലെ പാലവും സര്‍വീസ് റോഡും ഇനിയും പൂര്‍ത്തിയായിട്ടില്ല. മതിയായ സിഗ്‌നലുകളോ രാത്രികാലങ്ങളില്‍ വെളിച്ചമോ റോഡിലില്ലാത്തത് കാരണം അപകടങ്ങള്‍ പതിവാണ്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാതെയും നാഷണല്‍ ഹൈവേ അതോറിറ്റി ക്രമവിരുദ്ധമായി നടത്തുന്ന ടോള്‍ വര്‍ദ്ധനവിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കേരള സര്‍ക്കാര്‍ ഇടപെട്ട് ടോള്‍ വര്‍ദ്ധനവ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കും എന്നും എം.എല്‍.എ പറഞ്ഞു.
വര്‍ദ്ധിപ്പിച്ച ടോള്‍നിരക്ക് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐയും വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ രണ്ടു തവണ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പുറമേ വീണ്ടും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു കൊണ്ട് നാഷണല്‍ ഹൈവേ അതോറിട്ടി പുറപ്പെടുവിച്ച ടോള്‍ നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സി പി ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി എം എസ് സുജിത്ത്, തിരുവല്ലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തിരുവല്ലം പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി പനത്തുറ പി. ബൈജു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അടിക്കടിയുളള ടോള്‍നിരക്ക് വര്‍ദ്ധനവ് കാരണം വാഴമുട്ടം – പാച്ചല്ലൂര്‍ -തിരുവല്ലം സര്‍വീസ് റോഡിലെ വാഹന ഗതാഗതം വന്‍തോതില്‍ വര്‍ദ്ധിക്കുകയും നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നതും കാരണം ഈ പ്രദേശത്തെ ജന ജീവിതം ദുസ്സഹമാകുന്ന അവസ്ഥയിലാണ്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഈ കിരാത നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു.