തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ അവരുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുകയാണ്. രാഷ്ട്രീയമായ പക്വതയോടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കരുത്തും ശക്തിയുമുള്ള നേതാവാണ് ജെയ്ക് എന്നും ജയരാജന്‍ പറഞ്ഞു. മരണം സ്വാഭാവികമെന്നും പുതുപ്പള്ളിയില്‍ സഹതാപതരംഗം ഉണ്ടാവില്ലെന്നും ജയരാജന്‍ വിശദീകരിച്ചു.
”ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നു തന്നെയായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥി എന്നുപറഞ്ഞതു കെപിസിസി പ്രസിഡന്റാണ്. രാഷ്ട്രീയമത്സരമല്ല, സഹതാപമത്സരമായിരിക്കും നടക്കുമെന്നു പ്രഖ്യാപിച്ചത് ഞങ്ങളല്ല. തിരഞ്ഞെടുപ്പ്, രാഷ്ട്രീയമത്സരമാണെന്ന് അന്നും ഞാന്‍ പറഞ്ഞു. ആ മത്സരം തന്നെയാണു പുതുപ്പള്ളിയില്‍ ഉണ്ടാവുക. കോണ്‍ഗ്രസാണു സഹതാപതരംഗത്തിന്റെ വഴി സ്വീകരിച്ചത്. മറ്റു പാര്‍ട്ടികള്‍ മത്സരിക്കാനേ പാടില്ലെന്നു പോലും പറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് അവരുടെ ദുര്‍ബലതയാണ്”- ഇ.പി.ജയരാജന്‍ വിശദീകരിച്ചു.