തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. സെപ്റ്റംബര്‍ നാലിനാണ് അടുത്ത അവലോകനയോഗം. അന്നാണ് കെഎസ്ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടര്‍ തുറക്കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കും. സിപിഎം എടുത്ത രാഷ്ട്രീയതീരുമാന പ്രകാരമാണിത്. പകരം ബദല്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാന്‍ മുഖ്യമന്ത്രി കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കി
അടുത്ത മാസവും വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സര്‍ ചാര്‍ജ് ഈടാക്കും. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വര്‍ധനവടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.