കാബുള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ അടുത്ത 5-10 വര്‍ഷത്തിനുള്ള 150 കിലോ മീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ ഉണ്ടാകുമെന്ന് ഹമ്മീദ് ഹസ്സന്‍. പാകിസ്താനെതിരെ ട്വന്റി 20 പരമ്പര ആരംഭിക്കാനിരിക്കെയാണ് അഫ്ഗാനിസ്ഥാന്‍ ബൗളിങ് പരിശീലകന്റെ പ്രതികരണം. സ്പിന്നര്‍മാരാണ് അഫ്ഗാന്‍ ബൗളിങ്ങിന്റെ കരുത്തെന്ന് ഹമ്മീദ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഫസല്‍ഹഖ് ഫാറൂഖിയെ പോലുള്ള താരങ്ങളുടെ സാന്നിധ്യം പേസ് യൂണിറ്റിനെ മികച്ചതാക്കി. എന്നാല്‍ കൂടുതല്‍ മികച്ച പേസ് നിര അഫ്ഗാനിസ്ഥാന് വേണമെന്നാണ് ഹസ്സന്റെ ആവശ്യം.
ചില സമയങ്ങളില്‍ ടീമിലെ 11 പേരെ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. ആരെ ടീമില്‍ ഉള്‍പ്പെടുത്തണം, ആരെ ഒഴിവാക്കണമെന്നതില്‍ സംശയമാണ്. ടീമില്‍ മികച്ച താരങ്ങള്‍ ഉണ്ടെന്നത് നല്ല കാര്യമാണ്. എങ്കിലും ഒന്നോ രണ്ടോ ബൗളര്‍മാരെ കൂടുതല്‍ ആശ്രയിക്കുന്നത് നല്ലതല്ല. ഫസല്‍ഹഖ് ഫാറൂഖി നയിക്കുന്ന മികച്ച ഒരു പേസ് യൂണിറ്റ് ഉണ്ടാവണമെന്നും ഹസ്സന്‍ വ്യക്തമാക്കി.
ഉമര്‍ ഗുല്ലിന് പകരമായാണ് ഹമ്മീദ് ഹസ്സന്‍ അഫ്ഗാന്‍ ടീമിന്റെ ബൗളിങ് പരിശീലകനായത്. ഒരു വര്‍ഷത്തേയ്ക്കാണ് താരത്തിന്റെ കരാര്‍. അഫ്ഗാനിസ്ഥാന്റെ തന്നെ മുന്‍ പേസര്‍ ആണ് ഹസ്സന്‍. 38 ഏകദിനങ്ങളില്‍ നിന്ന് 59 വിക്കറ്റും 25 ട്വന്റി 20യില്‍ നിന്ന് 35 വിക്കറ്റും നേടിയിട്ടുണ്ട്. ബാറ്റിങ്ങിലും മോശമല്ലാത്ത പ്രകടനം ഈ അഫ്ഗാന്‍ താരം പുറത്തെടുത്തിട്ടുണ്ട്.