പാലക്കാട്: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയില്‍ വിജയിച്ചുവന്ന ആരോപണവും വിവാദവും ഗൂഢാലോരമഅഅപയചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഏതുതരം ഗൂഢാലോചനയാണ് നടന്നതെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തക വിദ്യാ വിജയനെതിരെയുളള പരാതിയില്‍ ആരെയും സംരക്ഷിക്കുന്ന രീതി പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ല. പൊലീസ് അന്വേഷണവും അനുബന്ധ നടപടികളും നടക്കട്ടെ എന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാര്‍ക്ക്ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ല. എന്നാല്‍, ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോള്‍ വിവാദത്തിലായത്.