അഹമ്മദാബാദ്: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. മജിസ്‌ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കു സ്റ്റേ ആവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. വിധിക്കെതിരെ രാഹുല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സമാനമായ പരാതികള്‍ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസില്‍ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ഹേമന്ത് പ്രഛകാണ് വിധി പറഞ്ഞത്. സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചതോടെ രാഹുലിന്റെ അയോഗ്യത തുടരും.
മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നേരത്തേ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്. മേയില്‍ ഇടക്കാല ഉത്തരവു നല്‍കാന്‍ വിസമ്മതിച്ച കോടതി, വേനലവധിക്കു ശേഷം അന്തിമവിധി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
2019 ലോക്സഭാ പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാര്‍ച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്.