ഇടുക്കി: പിതാവിന്റെ പേരിലുള്ള ഇടുക്കി കഞ്ഞിക്കുഴി ‘ഉമ്മന്‍ചാണ്ടി കോളനി’ നിവാസികളെ കാണാന്‍ മകന്‍ ചാണ്ടി ഉമ്മന്‍ എത്തി. പിതാവിനോട് കോളനി നിവാസികള്‍ കാട്ടിയ സ്‌നേഹത്തിന് വാക്കുകള്‍ക്ക് അതീതമായ നന്ദിയാണ് ഉള്ളത് എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കോളനിയിലെ താമസക്കാരെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ടാണ് എത്തിയതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
കുടുംബബന്ധം എന്നത് എങ്ങനെ ആകണമെന്ന് പിതാവിന്റെ അന്ത്യയാത്ര തന്നെ പഠിപ്പിച്ചെന്നും ചാണ്ടി ഉമ്മന്‍ കോളനി നിവാസികളോട് പറഞ്ഞു . കോളനി നിവാസികളുടെ സ്‌നേഹത്തിനു വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കോളനിയിലെ താമസക്കാര്‍ക്ക് ഉറപ്പ് നല്‍കി .
ഉമ്മന്‍ചാണ്ടിയുടെ പ്രതിമ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പകരം ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന് ഒരു വിദ്യാലയം ആരംഭിക്കാന്‍ ആഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. നിരവധി കോളനി നിവാസികളും നാട്ടുകാരുമാണ് ചാണ്ടി ഉമ്മനെ സ്വീകരിക്കാന്‍ ഒത്തുചേര്‍ന്നത്. ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ഇവിടുത്തെ താമസക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷമുള്ള ഏഴ് ദിവസം പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയിരുന്നു . പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രത്യേക പ്രാര്‍ത്ഥനയും ഉമ്മന്‍ചാണ്ടി കോളനി നിവാസികള്‍ നടത്തിയിരുന്നു.