തിരുവനന്തപുരം: മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജറെ സസ്‌പെന്റ് ചെയ്തതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മാനേജറുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് ജനങ്ങള്‍ പറയുമെന്ന് കരുതുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ജീവനക്കാരന്‍ ചെയ്യാമോ? പരിശോധിച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. ഈ സ്റ്റോറിലെ സാധനങ്ങളെല്ലാം വിറ്റുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന ആളല്ലേ മാനേജര്‍, എന്നിട്ട് ഇങ്ങനെ ചെയ്യാമോ എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കില്‍ മാനേജര്‍ ഇങ്ങനെ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല, സസ്‌പെന്‍ഷന്‍ നടപടികള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.
കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തിയെന്നും ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്നതിനാണ് സസ്‌പെന്‍ഷനെന്നുമാണ് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവിലെ വിശദീകരണം. ഇതോടെ നിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഓണക്കിറ്റ് ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നതിലും മന്ത്രി പ്രതികരിച്ചു. കിറ്റ് എല്ലാര്‍ക്കും കൊടുത്ത കാലം കേരളത്തിലുണ്ടായിരുന്നു. മറ്റേതെങ്കിലും സംസ്ഥാനം ഇങ്ങനെ ചെയ്തിട്ടുണ്ടോ? സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ കൊവിഡ് സമയത്ത് ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ട് ഓരോ മാസവും കിറ്റ് കൊടുത്തു. എന്തിന് കിറ്റ് എല്ലാവര്‍ക്കും കൊടുത്തു എന്നതായിരുന്നു അന്ന് ചര്‍ച്ച. ഇന്ന് എല്ലാവര്‍ക്കും കൊടുക്കാത്തതെന്തിനെന്ന് ചോദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ അടിസ്ഥാന രഹിതമാണ്. അര്‍ഹതപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവരെ കൂടെ നിര്‍ത്തുകയാണ് വേണ്ടത്. കിറ്റ് നല്‍കുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും. അതിസമ്പന്നര്‍ക്ക് കിറ്റിന്റെ ആവശ്യമില്ലല്ലോ. കിറ്റ് അനിവാര്യമായവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.