വാഷിങ്ടന്‍: ഏറെ അപൂര്‍വമായ നിമിഷങ്ങള്‍ക്കാണ് വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂം സാക്ഷ്യം വഹിച്ചത്. ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ മണ്ണില്‍ യുഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ഇന്ത്യയിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. മുസ്‌ലിങ്ങളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചായിരുന്നു ചോദ്യം.
ഞങ്ങളുടെ സിരകളില്‍ ഒഴുകുന്നതു ജനാധിപത്യമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഞങ്ങള്‍ ജീവിക്കുന്നത് ജനാധ്യപത്യത്തിലാണ്. ഭരണഘടനയിലും അതുണ്ട്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇന്ത്യയില്‍ യാതൊരു തരത്തിലുള്ള വിവേചനവമില്ല. ‘സബ്കാ സാത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎന്‍എയില്‍ ജനാധിപത്യമുണ്ട്. ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍ വിവേചനത്തെക്കുറിച്ചുള്ള ചോദ്യം പോലും ഉയരുന്നില്ല. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ചാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ അര്‍ഹരായ എല്ലാ വിഭാഗത്തിനും ലഭ്യമാകുന്നുണ്ട്.’ – മോദി പറഞ്ഞു.
അഭിമുഖങ്ങള്‍ അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താസമ്മേളനം നടത്തുന്നത് അസാധാരണമാണ്. പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ല. 2019 മേയില്‍, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുവെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിട്ടിരുന്നില്ല.