ആലുവ: ഔദ്യോഗിക ആവശ്യത്തിനു കേരളത്തിലെത്തിയ കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് മണിപ്പുര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി. ഇന്നലെ വൈകിട്ടാണു വിദേശകാര്യസഹമന്ത്രി കേരളത്തിലെത്തിയത്. കാലടി ശൃംഗേരി മഠം സന്ദര്‍ശനം, പ്രമുഖരുമായുള്ള കൂടിക്കാഴ്ച, വാര്‍ത്താസമ്മേളനം തുടങ്ങിയ പരിപാടികളാണു റദ്ദാക്കിയത്. ആലുവ പാലസിലുള്ള മന്ത്രി വൈകിട്ട് ഡല്‍ഹിക്ക് മടങ്ങും.
മണിപ്പുരിലുള്ളത് വര്‍ഗീയ പ്രശ്‌നങ്ങളല്ലെന്നും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്നും രാജ്കുമാര്‍ രഞ്ജന്‍ സിങ് പറഞ്ഞു. ”അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ ദുഃഖകരമായ കാഴ്ചയാണ്. സംഘര്‍ഷമുണ്ടാക്കുന്നവര്‍ മനുഷ്യത്വരഹിതരാണ്. എന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. താഴത്തെ രണ്ടുനിലകളിലാണു നാശനഷ്ടങ്ങളുണ്ടായത്”- മന്ത്രി വിശദീകരിച്ചു.
ഇന്നലെ രാത്രിയാണു മന്ത്രിയുടെ ഇംഫാലിലെ വീടിനു ജനക്കൂട്ടം തീയിട്ടത്. ആയിരത്തോളം പേര്‍ രാത്രി പതിനൊന്നു മണിയോടെ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാജീവനക്കാരെ അക്രമികള്‍ തുരത്തിയോടിച്ചു. അക്രമികള്‍ പെട്രോള്‍ ബോംബടക്കമുള്ളവ വസതിക്കു നേരെ എറിഞ്ഞതായും സുരക്ഷാജീവനക്കാര്‍ വെളിപ്പെടുത്തി.