ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരന്‍മാര്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റന്‍’ എന്ന അന്തര്‍വാഹിനിയാണ് കാണാതായത്.
അന്തര്‍വാഹിനിക്കുള്ളില്‍ 70 മണിക്കൂര്‍ കൂടി കഴിയാനുള്ള ഓക്‌സിജനാണ് ഇനി ബാക്കിയുള്ളതെന്നാണ് വിവരം. ഇതു തീരും മുന്‍പേ യാത്രികരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ച് യാത്രികരുമായി അന്തര്‍വാഹിനി യാത്ര തിരിച്ചത്. രണ്ടു മണിക്കൂറിനുള്ളില്‍ അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
പാക്കിസ്ഥാനിലെ പ്രശസ്തനായ വ്യവസായിയും മകനുമാണ് അന്തര്‍വാഹിനിയിലെ യാത്രക്കാരില്‍ രണ്ടു പേരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായുള്ള ‘എന്‍ഗ്രോ’ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍ ഷഹ്‌സാദാ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരാണ് അന്തര്‍വാഹിനിയിലുള്ളത്. ഇക്കാര്യം ഇവരുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഊര്‍ജം, കൃഷി, പെട്രോകെമിക്കല്‍സ്, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങിയ വിവിധ മേഖലകളിലായി പടര്‍ന്നു കിടക്കുന്ന പ്രസ്ഥാനമാണ് എന്‍ഗ്രോ. കഴിഞ്ഞ വര്‍ഷം അവസാനം 10,000 കോടിയോളം രൂപയുടെ വരുമാനം രേഖപ്പെടുത്തിയ കമ്പനിയാണിത്. പാക്കിസ്ഥാനിലെ ധനികരുടെ പട്ടികയില്‍ സ്ഥിരമായി ഇടംപിടിക്കുന്ന വ്യക്തിയാണ് ഷഹ്‌സാദയുടെ പിതാവ് ഹുസൈന്‍ ദാവൂദ്. യുഎസിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഷഹ്‌സാദ.
ഷഹ്‌സാദയ്ക്കും മകന്‍ സുലേമാനും പുറമെ ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്ങാണ് അന്തര്‍വാഹിനിയിലുള്ള മറ്റൊരാള്‍. ആക്?ഷന്‍ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിയുടെ ഉടമയാണ് അന്‍പത്തെട്ടുകാരനായ ഹാര്‍ഡിങ്. ബഹിരാകാശത്തേക്കും യാത്ര നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് ഗിന്നസ് ലോക റെക്കോര്‍ഡുകളുമുണ്ട്. പ്രശസ്ത ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റും അന്തര്‍വാഹിനിയിലുള്ളതായി സൂചനയുണ്ട്. യാത്ര പുറപ്പെടും മുന്‍പ് ഹാര്‍ഡിങ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലെ സൂചനയാണ് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം നല്‍കുന്നത്. യാത്ര സംഘടിപ്പിച്ച ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റോക്ടന്‍ റഷാണ് അന്തര്‍വാഹിനിയിലെ അഞ്ചാമനെന്നാണ് വിവരം.