ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി ആര്‍ ഗവായിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിചാരണയുടെ പുരോഗതി ചൂണ്ടിക്കാണിച്ച് വിചാരണ കോടതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2024 മാര്‍ച്ച് 31വരെ വിചാരണയ്ക്ക് സമയം നീട്ടി നല്‍കണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന കാലപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. പ്രതിഭാഗം സാക്ഷി വിസ്താരം മനഃപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ നിര്‍ണ്ണായകമാകുക വിചാരണ കോടതി സമര്‍പ്പിച്ചിരിക്കുന്ന പുരോഗതി റിപ്പോര്‍ട്ടാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരും. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്ന് മാസം വേണ്ടി വരുമെന്നും അഭിഭാഷകരുടെ വാദം പൂര്‍ത്തിയാക്കാനും മറ്റ് നടപടികള്‍ക്കുമായി അഞ്ച് മാസവും വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി സമയം നീട്ടി ചോദിച്ചിരിക്കുന്നത്. ഇതിനായി 2024 മാര്‍ച്ച് 31 വരെ സമയം വേണമെന്നാണ് ആവശ്യം.
ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്. ഇതിലൊന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിന്റേതാണ്. ഇതിന് പുറമേ രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൂടി വിസ്തരിക്കാനുണ്ട്. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പൗലോസിന്റെ വിസ്താരം നിര്‍ണ്ണായകമാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം കൂടി ആവശ്യമെന്നാണ് രേഖകളില്‍ നിന്ന് തനിക്ക് മനസ്സിലാകുന്നതെന്നും ജഡ്ജി ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിഷ്‌കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിട്ടുണ്ട്. എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എന്ന നിലയില്‍ ഭരണപരമായ മറ്റ് കര്‍ത്തവ്യങ്ങള്‍ കൂടി തനിക്ക് നിര്‍വഹിക്കേണ്ടതുണ്ട്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ലയിലെ കൊമേഷ്യല്‍ അപ്പലേറ്റ് ഡിവിഷന്‍ എന്നീ ഉത്തരവാദിത്തങ്ങളും ഈ കോടതിക്കുണ്ട്. ഇതിന് പുറമേ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കൂടിയാണ് തന്റേതെന്നും കത്തില്‍ പറയുന്നുണ്ട്.
ഈ കേസിലെ വിസ്താരം പൂര്‍ത്തിയാക്കിയാലും വിധിയെഴുതാന്‍ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എട്ട് മാസത്തെ സമയം കൂടി തേടുന്നതെന്നും കത്തില്‍ ജഡ്ജി ഹണി എം വര്‍ഗീസ് പറയുന്നു.