മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സൗഹൃദക്കൂട്ടുകെട്ടില്‍ ഇനി അവശേഷിക്കുന്നത് ഒരുപാതി മാത്രം. സിദ്ദിഖ്-ലാല്‍ വിജയസഖ്യത്തിലെ സിദ്ദിഖ് വിടവാങ്ങി. ഗോഡ്ഫാദറും വിയറ്റ്‌നാം കോളനിയുമടക്കം എത്ര കണ്ടാലും മടുക്കാത്ത ഒരുപിടി ചിത്രങ്ങളുടെ വിജയശില്‍പി. തിരക്കഥയുടെ കെട്ടുറപ്പും സംവിധാനമികവുമാണ് സിദ്ദിഖ് എന്ന സിനിമാക്കാരനെ ജനപ്രിയനാക്കിയത്. മിമിക്രിയ്ക്കുവേണ്ടി രൂപപ്പെടുത്തിയ സൂക്ഷ്മ നിരീക്ഷണത്തിന്റെ സിദ്ദിഖ് സിനിമയിലും അദ്ദേഹത്തിന് കരുത്തായി.
മാലപ്പടക്കം പോലെ കോര്‍ത്തെടുത്ത ചിരിമരുന്നും പിന്നെ തകര്‍പ്പന്‍ കൗണ്ടറുകളും. ചാക്യാരും നമ്പ്യാരും തൊട്ട് മിമിക്രി വരെ നീളുന്ന കേരളീയ ഫലിതപാരമ്പര്യത്തിന്റെ വളക്കൂറില്‍ വിളഞ്ഞ ചിരിയുടെ മാമാങ്കമാണ് സിദ്ദിഖ് ചിത്രങ്ങളുടെ വിജയക്കൂട്ട്. സിദ്ദിഖ്-ലാല്‍ എന്ന ഹിറ്റ് കോമ്പിനേഷനില്‍ നിന്ന് പിന്നീട് സിദ്ദിഖ് ഒറ്റപ്പേരിലേക്ക് ചുരുങ്ങിയപ്പോഴും സിനിമകളുടെ വിധി മാറിയില്ല. കാലം കടന്നുപോകുമ്പോഴും സിദ്ദിഖ് ചിത്രങ്ങളിലെ നിരവധി ഡയലോഗുകള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി അവശേഷിക്കുന്നു.
ഒരുമിച്ച് ചെയ്ത ചിത്രങ്ങളൊക്കെയും ഹിറ്റാക്കിയ സിദ്ദിഖ്-ലാല്‍ എന്ന അപൂര്‍വ്വ സിനിമാ കൂട്ടുകെട്ടിന്റെ തുടക്കം കൊച്ചിന്‍ കലാഭവനിലെ മിമിക്രിയിലൂടെയായിരുന്നു. അവിടെ ഒന്നിച്ചുണ്ടായിരുന്ന പലരും നടന്മാരായി സിനിമയിലേക്ക് കുടിയേറിയപ്പോള്‍ സിദ്ദിഖ്-ലാല്‍ ജോഡി ക്യാമറയ്ക്ക് പിന്നിലേക്കാണ് നീങ്ങിയത്. തിരക്കഥയിലായിരുന്നു ആദ്യ ശ്രദ്ധ. ഫാസിലിന്റെ കളരിയില്‍ സംവിധാനം പഠിച്ചതോടെ മലയാള സിനിമയില്‍ ചിരിയുടെ ഉത്സവമൊരുക്കിയ സിദ്ദിഖ്-ലാല്‍ ചിത്രങ്ങളുടെ പിറവിയായി. 1989-ല്‍ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ഇരട്ട സംവിധായകര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി അങ്ങനെ പോകുന്നു സിദ്ദിഖ്-ലാല്‍ കൂട്ടായ്മയുടെ വിജയ ഗാഥ.
വൈകാതെ മലയാളവും തമിഴും കടന്ന് ബോളിവുഡ് വരെയെത്തി സിദ്ദിഖ് എന്ന സംവിധായകന്റെ പ്രശസ്തി നേടി. ഹിന്ദി ചിത്രം ബോഡ് ഗാര്‍ഡിലൂടെ ബോളിവുഡിലെ നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളിയായി. 2004-ല്‍ വിജയകാന്ത് നായകനായ എങ്കള്‍ അണ്ണയുമായി തമിഴിലേക്ക്. മലയാള ചിത്രം ബോഡി ഗാര്‍ഡിന് തമിഴ്, ഹിന്ദി പതിപ്പുകളുണ്ടായി. സല്‍മാന്‍ ഖാന്‍ നായകനായ ഹിന്ദി ചിത്രം ബോഡി ഗാര്‍ഡും വിജയ് ചിത്രം കാവലനും പണംവാരിയ പടങ്ങളായി. 2005-ല്‍ മാരോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തി. രണ്ട് പതിറ്റാണ്ടിനുശേഷം 2016-ല്‍ കിങ് ലയര്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി സിദ്ദിഖ്-ലാല്‍ സഖ്യം വീണ്ടുമൊന്നിച്ചപ്പോഴും സൂപ്പര്‍ ഹിറ്റ് പിറന്നു.
2020-ല്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ബിഗ് ബ്രദറാണ് സിദ്ദിഖിന്റെ അവസാനചിത്രം. ഹിന്ദിയിലടക്കം ചില ചിത്രങ്ങളുടെ ചര്‍ച്ചയ്ക്കിടെയാണ് മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ അപ്രതീക്ഷിത മടക്കം. മലയാളസിനിമ അതിന്റെ തുടക്കം മുതല്‍ ചിരിയെക്കൊണ്ടാടിത്തുടങ്ങി. കോമിക്‌സ് മുതല്‍ മുന്‍ഷി വരെ ജനപ്രിയമായ ഈ സമൂഹത്തിലതേറ്റെടുത്തത് ജനാധിപത്യപരവും മാനുഷികവുമായ പരിഗണനകളെയാണ്. പക്ഷെ എണ്‍പതുകള്‍ക്കൊടുക്കം മുതല്‍ മിമിക്രി മലയാള സിനിമയുടെ വലിയ സ്വാധീനമായി. പക്ഷെ പ്രയോഗം കൊണ്ട് ഫലിതമുറകള്‍ മിമിക്രിയിലും സിനിമയിലും വേറിട്ടിരിക്കുന്നതെങ്ങനെയെന്ന ബോധ്യമായിരുന്നു സിദ്ദിഖിനെ ചലച്ചിത്രവിജയമാക്കിയത്. സിനിമയെന്നാല്‍ അതിന്റെ ശില്‍പപരതയാണെന്നു തന്റെ ചിത്രങ്ങളിലൂടെ നിരന്തരം വിളിച്ചുപറഞ്ഞ സിനിമകളുടെ ഒരു കാലഘട്ടം ഇവിടെയവസാനിക്കുന്നു.