ന്യൂയോര്‍ക്ക്: ലോകകേരള സഭാ മേഖലാ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കം. പ്രതിനിധികളുടെ റജിസ്‌ട്രേഷനും സൗഹൃദസംഗമവും നടന്നു. പൊതുസമ്മേളനം ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് പൊതുസമ്മേളനം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. ഇവരുടെ റജിസ്‌ട്രേഷന്‍ ഇന്നലെ ഉച്ചയോടെയാണ് തുടങ്ങിയത്. വൈകിട്ട് 6ന് നടന്ന സൗഹൃദസംഗമം നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി.പി.ജോയി, സ്‌പെഷന്‍ ഓഫീസര്‍ വേണുരാജാമണി തുടങ്ങിയവര്‍ സംഗമത്തെ അഭിസംബോധന ചെയ്തു. സൗഹൃദസംഗമത്തിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.
11ന് അമേരിക്കന്‍ സമയം വൈകിട്ട് 6 മുതല്‍ 7.30 വരെ നടക്കുന്ന ‘പ്രവാസി സംഗമ’ത്തില്‍ മുഖ്യമന്ത്രിക്കു പുറമേ, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ഡയമണ്ട് സ്‌പോണ്‍സറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫന്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ ഡോ.എം.അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിക്കും.