തിരുവനന്തപുരം: പാറശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയാളെ പൊലീസ് പിടികൂടി. ഷൈജു ഡി എന്നയാളാണു പാറശാല പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഷൈജുവന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഷൈജു പ്രാദേശിക സിഐടിയു പ്രവര്‍ത്തകനാണെന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ചൊവ്വാഴ്ചയാണ് പൊന്‍വിള ജംഗ്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. ഇന്നലെ രാത്രി സ്തൂപത്തിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു. സ്ഥലത്തു പൊലീസിന്റെ വലിയ വിന്യാസമുണ്ട്. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ടെന്നു തെളിയിക്കുന്നതാണു സംഭവമെന്നായിരുന്നു പ്രതികരണം.