രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 വിജയത്തിന്റെ പടിവാതിക്കല്‍. ഇന്ന് വൈകിട്ട് 6.04-ന് പേടകം ചന്ദ്രനിലിറങ്ങും. വൈകിട്ട് 5.30 മുതല്‍ എട്ട് മണിവരെയാണ് സോഫ്റ്റ് ലാന്‍ഡിംഗിനുള്ള സമയം.കൃത്യമായി പറഞ്ഞാല്‍ വൈകുന്നേരം 6.04-നായിരിക്കും പേടകം ചന്ദ്രനെ തൊടുക. 2019ലെ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ഒരു സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരുന്നെങ്കില്‍ ചന്ദ്രയാന്റെ പ്രഥമ ദൗത്യം ഒരിക്കലും പരാജയപ്പെടില്ലായിരുന്നു. അത് കൊണ്ടാണ് ഇന്ന് വൈകുന്നേരത്തെ ആറ് മണി ഇന്ത്യക്കാര്‍ക്ക് നിര്‍ണായകമാകുന്നത്.
ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് നിലവില്‍ പേടകം സ്ഥിതിചെയ്യുന്നത്. ഇന്ന് നടക്കുന്ന നാല് പ്രധാന ഘട്ടങ്ങളിലൂടെയാണ് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നത്. ആദ്യമായി ഒരു പേടകം ദക്ഷിണധ്രുവത്തില്‍ ഇറക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
വേഗത കുറയ്ക്കുന്നതിനൊപ്പം തന്നെ പ്രധാനമായും നാല് ഘട്ടങ്ങളാണ് കടക്കാനുള്ളത്. നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പേടകം ലാന്‍ഡിംഗിലേക്ക് കടക്കുക.
ഒന്നാംഘട്ടം
ലാന്‍ഡര്‍ 30/25 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് പേടകം ചെരിഞ്ഞ് ഇറക്കം ആരംഭിക്കുന്നു. ആദ്യം തിരശ്ചീനമായി സഞ്ചരിച്ച് റഫ് ബ്രേക്കിങ് ഘട്ടം അവസാനിക്കാറാകുമ്പോള്‍ ലംബമായി സഞ്ചരിക്കും. തിരശ്ചീന വേഗം സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ (മണിക്കൂറില്‍ 6,048 കിലോമീറ്റര്‍).
നാല് ത്രസ്റ്ററുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ച് വേഗം മണിക്കൂറില്‍ 1,200 കിലോമീറ്ററായി കുറച്ച് പേടകം 7.4 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കും.
രണ്ടാം ഘട്ടം
ഈ ഘട്ടത്തില്‍ പേടകം 7.4 കിലോമീറ്ററില്‍നിന്ന് 6.8 കിലോമീറ്റര്‍ ഉയരത്തിലേക്ക് താഴ്ത്തും. തിരശ്ചീന വേഗം സെക്കന്‍ഡില്‍ 336 മീറ്ററും ലംബമാകുമ്പോള്‍ വേഗം സെക്കന്‍ഡില്‍ 59 മീറ്ററും
തിരശ്ചീന ദിശയിലുള്ള ലാന്‍ഡര്‍ ലംബമാകുന്നതിനുവേണ്ടി ചെരിഞ്ഞുതുടങ്ങും. ആള്‍ട്ടിറ്റിയൂഡ് ഹോള്‍ഡ് ഘട്ടം അവസാനിക്കാറാകുമ്പോള്‍ പേടകം 6.8 കിലോമീറ്റര്‍ ഉയരത്തില്‍
മൂന്നാംഘട്ടം
2.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സമയം. ഈ ഘട്ടത്തിലാണ് പേടകം ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തേക്ക് നീങ്ങുക. ചന്ദ്രോപരിതലത്തില്‍ നിന്ന് 1300-800 മീറ്റര്‍ മുകളില്‍ എത്തുന്ന ലാന്‍ഡര്‍ 12 സെക്കന്‍ഡ് നിശ്ചലമാകും. ഇറങ്ങുന്നതിനുള്ള മേഖലയേതാണെന്ന് അവസാനമായി ഉറപ്പിക്കുക ഈ ഘട്ടത്തിലാണ്. കല്ലുകളും കുഴികളും ഇല്ലാത്ത പരന്ന പ്രതലത്തിലാകണം ലാന്‍ഡര്‍ ഇറങ്ങേണ്ടത്. ലാന്‍ഡര്‍ ഒരു വശം ചെരിഞ്ഞാണ് വീഴുന്നത് എങ്കില്‍ പിഴവ് സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ സമയം സെന്‍സറുകള്‍ ഉപയോഗിച്ച് പേടകം ഇറങ്ങാന്‍ കഴിയത്തക്ക വിധം കാലുകള്‍ കുത്തനെയാക്കും. ഏറ്റവും സങ്കീര്‍ണമായ ഘട്ടം ഇതാണ്.
നാലാംഘട്ടം
2.11 മിനിറ്റ് കൊണ്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 150 മീറ്റര്‍ മുകളിലെത്തും. 22 സെക്കന്‍ഡോളം പേടകം ഈ നിലയില്‍ നില്‍ക്കുന്നതായിരിക്കും.ക്യാമറ, സെന്‍സറുകള്‍ എന്നിവയിലെ വിവരങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇറങ്ങേണ്ട സ്ഥലമേതെന്ന് നിര്‍ണ്ണയിക്കും. സുരക്ഷിതമല്ലെങ്കില്‍ പരമാവധി 150 മീറ്ററോളം ചുറ്റളവില്‍ സഞ്ചരിച്ച് മറ്റൊരിടം കണ്ടെത്തും. ഇറങ്ങുന്ന മേഖലയുടെ ചിത്രങ്ങള്‍ ഈ ഘട്ടത്തില്‍ നിരീക്ഷണത്തിനായി എടുത്തുകൊണ്ടിരിക്കും. അവസാന തീരുമാനം എടുക്കുക നിമിഷങ്ങള്‍ക്കുള്ളിലാകും.
നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍
നാല് ഘട്ടങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതോടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 10 മീറ്റര്‍ മുകളിലെത്തും. ഇവിടെ വെച്ച് ത്രസ്റ്റര്‍ എഞ്ചിനുകള്‍ ഓഫ് ആകുകയും ലാന്‍ഡര്‍ താഴേക്ക് ഇറങ്ങുകയുമാണ് ചെയ്യുക. ഈ സമയം പരമാവധി വേഗത സെക്കന്‍ഡില്‍ രണ്ട് മീറ്ററില്‍ താഴെയാകണം. അവസാന 20 മിനിറ്റുകളാണ് ചന്ദ്രയാന്‍-3 യുടെ വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങള്‍.
വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നാല് കാലില്‍ ഇറങ്ങേണ്ടത് പടിപടിയായുള്ള ഓരോ ഘട്ടങ്ങള്‍ക്ക് പിന്നാലെയാണ്. അവസാനഘട്ടത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ ദ്രുതഗതിയില്‍ എടുക്കേണ്ടത് സോഫ്റ്റ് വെയറുകളാണ്. ഇതിന് സഹായകമാകത്തക്ക വിധം ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ അതായത് മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗതയിലാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വേഗതയാണ് കുറച്ചു കൊണ്ട് വരേണ്ടത്. ഇത്തരത്തില്‍ ഘട്ടം ഘട്ടമായാണ് പ്രവര്‍ത്തനം നടക്കുക.
എല്ലാവര്‍ക്കും അവസരം
രാജ്യം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അത്യപൂര്‍വ്വ മുഹൂര്‍ത്തത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും
ഫേസ്ബുക്ക് ചാനലിലും ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ കാണാം.
ചന്ദ്രയാന്‍-3: ഒറ്റനോട്ടത്തില്‍
ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു.
ഓഗസ്റ്റ് ഒന്ന്- പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി.
ഓഗസ്റ്റ് 17- മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി.
ഓഗസ്റ്റ് 20- പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു.
ഇന്ത്യയ്ക്കിത് അഭിമാനനേട്ടം
റഷ്യ പരാജയപ്പെട്ടിടത്ത് ഇന്ത്യ വിജയിച്ചാല്‍ വലിയ ഖ്യാതിയാകും ഐഎസ്ആര്‍ഒയ്ക്ക് നേടിത്തരിക. മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന മൈലേജ് ഐഎസ്ആര്‍ഒയ്ക്കു നേടിക്കൊടുക്കാന്‍ ഈ വിജയത്തിനു കഴിയും. 1976ല്‍ ലിയോനിഡ് ബ്രഷ്നേവ് ഭരിച്ച കാലയളവില്‍ ചന്ദ്രനിലേക്കു വിട്ട ലൂണ 24 ആണ് ചന്ദ്രനിലേക്കു പോയ റഷ്യയുടെ അവസാന ലൂണ ദൗത്യം. ധാരാളം പാരമ്പര്യം പേറുന്ന ഒരു പ്രോഗ്രാമാണ് ലൂണ. 1958 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 15 ദൗത്യങ്ങള്‍ വിജയമാക്കിയപ്പോള്‍ 29 ലൂണ ദൗത്യങ്ങള്‍ പരാജയമായി.
1976നു ശേഷം ഒരേയൊരു രാജ്യം മാത്രമാണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കിയത്, ചൈന. 2013ല്‍ ചൈന ചാങ് ഇ 3 എന്ന ലാന്‍ഡര്‍ ചന്ദ്രനിലിറക്കി. 2019ല്‍ ചാങ് ഇ ലാന്‍ഡര്‍ ആദ്യമായി ചന്ദ്രന്റെ വിദൂരവശത്ത് ഇറങ്ങി. 2020ല്‍ ചാങ് ഇ 5 എന്ന ലാന്‍ഡറിന്റെ സോഫ്റ്റ്‌ലാന്‍ഡിങ്ങും ചൈന സാധ്യമാക്കി. ചന്ദ്രയാന്‍ 2 (2019), ഇസ്രയേലിന്റെ ബെറഷീറ്റ്(2019), യുഎഇയുടെ റാഷിദ് റോവര്‍(2022) തുടങ്ങിയവ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങിനു ശ്രമിച്ച് പരാജയപ്പെട്ട ദൗത്യങ്ങളാണ്.