തിരുവനന്തപുരം. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉന്നയിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. ഈ നിയമം നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് എന്തു സുരക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗണേഷ് കുമാര്‍ എതിര്‍പ്പ് ഉന്നയിച്ചത്. കടുപ്പിച്ച് സംസാരിച്ചാല്‍പ്പോലും ശിക്ഷ കിട്ടുന്ന നിയമമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്താല്‍ 10,000 രൂപ പിഴയോ 3 മാസത്തെ തടവുശിക്ഷയോ നല്‍കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. ആശുപത്രികളിലെ തര്‍ക്കങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയക്കാര്‍ക്ക് അടക്കം എതിരെ പ്രയോഗിക്കാന്‍ സാധ്യതയുള്ള വകുപ്പാണിതെന്ന വാദം ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പലരും മുന്‍പ് ഉന്നയിച്ചിരു്‌നു. രോഗികളോ കൂട്ടിരിപ്പുകാരോ ആശുപത്രിയില്‍ നടത്തുന്ന ഏതു തരത്തിലെ ഇടപെടലും കുറ്റകൃത്യമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്ര അവ്യക്തമായ വകുപ്പാണിതെന്ന് ആക്ഷേപമുണ്ട്.
‘നാട്ടിലുള്ളൊരു സംശയം ചോദിക്കുകയാണ്. ചട്ടത്തിന്റെയോ റൂളോ ഒന്നുമല്ല. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി സംസാരിച്ചാല്‍പ്പോലും വലിയ ശിക്ഷയാണ്. ഇത് ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്നുണ്ട്. സമ്മതിച്ചു. രോഗികള്‍ക്കും ജനങ്ങള്‍ക്കും ഇതില്‍ എന്തെങ്കിലും സംരക്ഷണമുണ്ടോ? അവര്‍ക്ക് എന്ത് സംരക്ഷണം നല്‍കുമെന്ന് മന്ത്രി പറയണം’ – ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.