കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്‍ജിക്കാരന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും ജൂലൈ 21നു നടന്ന അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിനോടെ വിശദീകരണം തേടിയിരുന്നു. അവാര്‍ഡിനായി മത്സരിച്ച ഫീച്ചര്‍ ഫിലിം ‘ആകാശത്തിനു താഴെ’യുടെ സംവിധായകനാണ് ലിജേഷ്.
അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളില്‍ രഞ്ജിത് ഇടപെട്ടെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു. താന്‍ സംവിധാനം ചെയ്ത ‘പത്തൊന്‍പതാം നൂറ്റാണ്ടി’നെ ബോധപൂര്‍വം തഴയാന്‍ രഞ്ജിത് ജൂറി അംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാന്‍ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോണ്‍ സംഭാഷണം വിനയന്‍ പുറത്തുവിട്ടിരുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം സര്‍ക്കാര്‍ സ്വാധീനം ഇല്ലാതാക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ ചലച്ചിത്ര അക്കാദമിക്കു കീഴിലാക്കിയതെന്നും അതാണ് അട്ടിമറിക്കപ്പെട്ടതെന്നും വിനയന്‍ പറഞ്ഞു.