തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ജെറ്റ് സന്തോഷ് എന്ന സന്തോഷ് കുമാറിനെ വധിച്ച കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. The High Court has acquitted all the accused in the case of Jet Santosh alias Santosh Kumar
ഒന്നാംപ്രതി ജാക്കി എന്ന അനിൽകുമാർ, ഏഴാം പ്രതി അമ്മയ്‌ക്കൊരു മകൻ സോജു എന്ന് വിളിപ്പേരുള്ള അജിത്കുമാർ എന്നിവരുടെ വധശിക്ഷയും റദ്ദാക്കിയ കോടതി, അതിന് തക്കവിധം ഒരു തെളിവും കേസിലില്ലെന്ന് വിലയിരുത്തി. അഞ്ച് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയും റദ്ദാക്കി. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് അപ്പീൽ ഹർജി അനുവദിച്ചു കൊണ്ട് കോടതി നിരീക്ഷിച്ചു. തൊണ്ടിമുതലുകളുടെ പരിശോധന പോലീസ് കൃത്യമായി നടത്തിയിട്ടില്ല. കൊല്ലാൻ ഉപയോഗിച്ച കത്തി എവിടെ നിന്ന് കണ്ടെത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിലെ ചോരപ്പാടുകൾ ആരുടേതെന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ പോലും അന്വേഷണ സംഘം നടത്തിയില്ല. വിചാരണ കോടതിയുടെ വിധിന്യായത്തിൽ ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്നുതന്നെ ഹൈക്കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഗൂഢാലോചനക്കും മതിയായ തെളിവുകളില്ല. കൊലപാതകത്തിന് മുൻപ് സന്തോഷിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച ടാറ്റാസുമോ കാറിന്റെ ഡ്രൈവർ നാലാംപ്രതി നാസറുദ്ദീനെ മാപ്പുസാക്ഷി ആക്കിയിരുന്നു. ഇയാളുടെ മൊഴിയിൽ പക്ഷെ ധാരാളം വൈരുധ്യങ്ങളും കൃത്യതയില്ലായ്മയും പ്രകടമായിരുന്നു.
ഈ പൊരുത്തക്കേടുകൾ ഹൈക്കോടതി എടുത്ത് ഉദ്ധരിച്ചു. എന്നാൽ വിചാരണാ കോടതി ഇതൊന്നും കണ്ടെത്തിയില്ല. സന്തോഷിൻറെ അമ്മ അടക്കമുള്ള സാക്ഷികൾ കൂറുമാറിയെങ്കിലും സാഹചര്യ തെളിവുകളുടെയും മാപ്പുസാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി വിധിക്കുകയായിരുന്നു.
2004 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ തട്ടിക്കൊണ്ടു പോയി ആറ് കഷണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കരമനയിലെ ബാർബർ ഷോപ്പിൽ മുടിവെട്ടുകയായിരുന്ന സന്തോഷിനെ പ്രതികൾ ബലമായി കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. മലയിൻകീഴ് ആലംതറകോണം കോളനിയിൽ വെച്ച് കൈയ്യും കാലും വെട്ടിമാറ്റി. വാളിയോട്ടുകോണം ചന്തക്ക് സമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.