കൊച്ചി: കൈതോലപ്പായ വിവാദത്തില്‍ ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥയാണ്. വസ്തുതയുടെ കണിക പോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പി.രാജീവുമാണു പണം കൊണ്ടുപോയതെന്നു ശക്തിധരന്‍ ആരോപിച്ചിരുന്നു.
‘കൊച്ചി കലൂരിലെ ദേശാഭിമാനി ഓഫിസില്‍നിന്ന് 2.35 കോടി സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു’ എന്നാണു ശക്തിധരന്‍ സമൂഹമാധ്യമ കുറിപ്പില്‍ ചോദിച്ചത്.
കൈതോലപ്പായ വിവാദത്തില്‍ പിണറായി വിജയന്റെയും പി.രാജീവിന്റെയും പേരുകള്‍ ശക്തിധരന്‍ വെളിപ്പെടുത്തുന്നത് ആദ്യമാണ്. ശക്തിധരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണു വെളിപ്പെടുത്തല്‍. അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകള്‍ വീണയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്നു 3 ഹൈക്കോടതി ജഡ്ജിമാര്‍ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെത്തന്നെയായിരുന്നെന്നും ശക്തിധരന്‍ അഭിപ്രായപ്പെട്ടു.