വാഷിങ്ടണ്‍: യുഎസിന്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള തന്ത്രപ്രധാന രേഖകള്‍ ഗോള്‍ഫ് ക്ലബിലെ പാര്‍ട്ടിക്കിടെ അതിഥികളെ കാണിച്ചെന്ന് മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണം. പേര് വെളിപ്പെടുത്താത്ത രാജ്യത്തിനെതിരെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡോണള്‍ഡ് ട്രംപിന്റെ രണ്ടു സ്റ്റാഫുകളും ഒരു പ്രസാധകനുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് യാതൊരുവിധത്തിലുള്ള സെക്യൂരിറ്റി ക്ലിയറന്‍സും ഉണ്ടായിരുന്നില്ല. ന്യൂജഴ്‌സിയിലെ ബെഡ്മിസ്റ്റര്‍ ഗോള്‍ഫ് ക്ലബിലായിരുന്നു ട്രംപിന്റെ പാര്‍ട്ടി.
പ്രതിരോധ വകുപ്പും ഒരു സൈനിക ഉദ്യോഗസ്ഥനും ആക്രമണ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി പറഞ്ഞ ട്രംപ് അതിന്റെ രഹസ്യ രേഖകളും അതിഥികളെ കാണിച്ചു. ഇത് രഹസ്യസ്വഭാവമുള്ള രേഖകളാണെന്ന് പാര്‍ട്ടിക്കിടെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ട്രംപിന്റെ പക്കലുള്ള രഹസ്യ രേഖകളില്‍ അമേരിക്കയുടെയും വിദേശരാജ്യങ്ങളുടെുയും പ്രതിരോധ ആയുധശേഷി സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. യുഎസിന്റെ ആണവപദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു. യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനിക ആക്രമണത്തിനുള്ള സാധ്യത, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു
2021 ജനുവരിയില്‍ വൈറ്റ്ഹൗസ് വിട്ടു ഫ്‌ലോറിഡയിലെ മാരലഗോയിലുള്ള സ്വന്തം റിസോര്‍ട്ടിലേക്കു താമസം മാറ്റിയപ്പോള്‍ ഔദ്യോഗിക രഹസ്യരേഖകള്‍ കടത്തിയെന്ന കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുകയാണ്. മയാമിയിലുള്ള ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച അദ്ദേഹം ഹാജരാകണം. പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി എന്നിങ്ങനെ 7 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചു. രേഖകള്‍ സൂക്ഷിക്കാന്‍ വകുപ്പുണ്ടെന്നും ഇപ്പോള്‍ അവയ്ക്ക് രഹസ്യസ്വഭാവമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
മാരലഗോയിലെ വസതിയില്‍ നിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വര്‍ഷം കണ്ടെടുത്തത്. ജയില്‍ശിക്ഷ വരെ കിട്ടിയേക്കാവുന്ന ഇത്തരമൊരു കേസില്‍ ഇതാദ്യമാണ് ഒരു മുന്‍ പ്രസിഡന്റ് വിചാരണ നേരിടുന്നത്. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇതൊന്നും ട്രംപിനു തടസ്സമാകില്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ രാഷ്ട്രീയ നീക്കമാണിതെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിച്ചു.