തിരുവനന്തപുരം: ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലര്‍ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടര്‍ക്ക് നാണമില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്നു പറഞ്ഞതെല്ലാം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുകയാണ്. സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമെന്നു ചിലര്‍ പ്രചരിപ്പിച്ചു. വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സര്‍ക്കാരിന്റെ വിപണി ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുന്നത്. ചിലര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ ഭരണം ലഭിച്ചത്. പ്രചാരണങ്ങള്‍ അനുസരിച്ചായിരുന്നെങ്കില്‍ എല്‍ഡിഎഫിനു വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. സര്‍ക്കാരിനെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതെല്ലാം തെറ്റാണെന്ന പൂര്‍ണ ബോധ്യം മഹാഭൂരിപക്ഷം ജനത്തിനും ഉള്ളതുകൊണ്ടാണ് നേരത്തെ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നല്‍കി എല്‍ഡിഎഫിനെ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിന്റെ കുടിശിക 26ന് മുന്‍പ് കൊടുത്തു തീര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബാങ്കുകളില്‍ നിന്നു പണം ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കും. 150 കോടിയോളം രൂപയാണ് കുടിശിക തീര്‍ക്കാന്‍ വേണ്ടത്. ബാങ്കുകളുമായി ചീഫ് സെക്രട്ടറി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തും. പണം ലഭിക്കാത്തപക്ഷം കുടിശിക തുക സര്‍ക്കാര്‍ നേരിട്ട് നല്‍കും.