തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ടെണ്ടര്‍ ലഭിച്ച ചിപ്‌സണ്‍ ഏവിയേഷനുമായുള്ള തര്‍ക്കം തീര്‍ന്നതിനാല്‍, അടുത്തയാഴ്ച അന്തിമ കരാര്‍ ഒപ്പുവയ്ക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ഹാന്‍സ് കമ്പനിയില്‍ 22 കോടിക്ക് ഹെലികോപ്റ്റര്‍ വാടക്കെടുത്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി വീണ്ടും ഹെലികോപ്റ്റര്‍ വാടക്കെടുക്കുന്നതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ചിപ്‌സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനം വന്നുവെങ്കിലും നിയമക്കുരുകള്‍ നിരവധിയായിരുന്നു. ടെണ്ടര്‍ കാലാവധി കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
നിയമവകുപ്പ് കരാറുമായി മുന്നോട്ടുപോകാന്‍ പച്ചകൊടി കാണിച്ചുവെങ്കിലും പിന്നെയും തര്‍ക്കമുണ്ടായി. ഹെലികോപ്റ്റര്‍ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് തന്നെ വേണമെന്നായി പൊലിസിന്റെ ആവശ്യം. വീണ്ടും ചര്‍ച്ച നടത്തി. തിരുവനന്തപുരത്താണെങ്കില്‍ പാര്‍ക്കിംഗിന് തുക കൂടിവേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവില്‍ ചാലക്കുടിയില്‍ തന്നെ പാര്‍ക്ക് ചെയ്യണണെന്ന കമ്പനിയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ച് അന്തിമ ധാരണ പത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു.