കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ എന്‍എസ്എസ് നടപ്പിലാക്കുമെന്നും അതില്‍ തര്‍ക്കമൊന്നുമില്ലെന്നും എംഎല്‍എയും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ.ബി.ഗണേഷ് കുമാര്‍. എന്‍എസ്എസിന്റെ കാര്യങ്ങള്‍ പറയാന്‍ ജനറല്‍ സെക്രട്ടറിയുണ്ടെന്നും അദ്ദേഹം പറയുമെന്നും ഗണേഷ് തമാശരൂപേണ പറഞ്ഞു. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു വിശ്വാസ സംരക്ഷണ ദിനം ആചരിക്കണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലറിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
”എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍, എന്‍എസ്എസ് നടപ്പിലാക്കും, അതിലെന്താണ് തര്‍ക്കം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നതാണു കരയോഗങ്ങളും താലൂക്കു യൂണിയനുകളും അനുസരിക്കേണ്ടത്. ജനറല്‍ സെക്രട്ടറി പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍മാരും സെക്രട്ടറിമാരും കരയോഗം പ്രസിഡന്റുമാരും പ്രതിജ്ഞാബദ്ധമാണ്, അവരത് ചെയ്യും”-ഗണേഷ് വിവരിച്ചു.
ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ചു പരാമര്‍ശം നടത്തിയ നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ടിനു വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്നതിനു എല്ലാ താലൂക്കു യൂണിനുകള്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്നാണു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നത്.