പാലക്കാട്: ധോണിയില്‍ പിടികൂടിയ കാട്ടാന പി ടി 7ന് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തില്‍ വനംവകുപ്പ്. ആനയുടെ കാഴ്ച്ച വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തുക. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഉടന്‍ ചുമതലപ്പെടുത്തും. കഴിഞ്ഞ ദിവസം ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പി ടി 7നെ പരിശോധിച്ചിരുന്നു. പിടി 7ന്റെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
ആനയുടെ കണ്ണിന് എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ട് പരിക്കേറ്റതാണെന്ന സംശയമുണ്ട്. കാട്ടാനയെ പിടികൂടുമ്പോള്‍ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. കാഴ്ച നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. കാഴ്ചക്കുറവുണ്ടായിരുന്നതിനാല്‍ കൂട്ടിലടച്ചതിന്റെ പിറ്റേന്നുമുതല്‍ തന്നെ തുള്ളിമരുന്ന് നല്‍കി വരുന്നുണ്ട്. നിലവില്‍ ആനയുടെ ഇടതുവശത്ത് നിന്നുകൊണ്ടാണ് ഭക്ഷണം നല്‍കുന്നത്.
20 വയസ് മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്. ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തല്‍. ആനയെ പിടികൂടുമ്പോള്‍ ശരീരത്തില്‍ പതിനഞ്ചോളം പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു.