ഹേഗ്: നവംബറില്‍ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ കുടിയേറ്റം തടയുന്നതില്‍ പരാജയപ്പെട്ട ഡച്ച് സഖ്യ സര്‍ക്കാര്‍ താഴെവീണു. പ്രധാനമന്ത്രി മാര്‍ക് റുട്ടെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരാണ് വീണത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി റുട്ടെ വിവിധ സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
നെതര്‍ലാന്‍ഡില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച നേതാവാണ് മാര്‍ക് റുട്ടെ. യൂറോപ്പിലെ ഏറ്റവും പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ഒരാള്‍. അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് റുട്ടെ നടത്തിയ ഇടപെടലുകള്‍ സഖ്യകക്ഷികളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. അഭയാര്‍ഥി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും റുട്ടെയ്ക്കു തിരിച്ചടിയായി.
കുടിയേറ്റനയത്തില്‍ സഖ്യകക്ഷികള്‍ക്കു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നതു രഹസ്യമല്ല എന്നായിരുന്നു സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് റുട്ടെ പറഞ്ഞത്. ”നിര്‍ഭാഗ്യമെന്നു പറയട്ടെ, അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാകില്ലെന്ന നിഗമനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അതുകൊണ്ട് ഉടന്‍ തന്നെ എന്റെ രാജിക്കത്ത് രാജാവിനു കൈമാറും.”- റുട്ടെ വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ വില്യം അലക്‌സാണ്ടര്‍ രാജാവിന് മാര്‍ക് റുട്ടെ രാജിക്കത്ത് കൈമാറി.
2010ലെ അധികാര കൈമാറ്റത്തിനു ശേഷം റുട്ടെയുണ്ടാക്കിയ നാലാമത്തെ സഖ്യസര്‍ക്കാരാണ് ഇത്. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം 2022ലാണ് മാര്‍ക് റുട്ടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്തത്. എന്നാല്‍ സഖ്യകക്ഷികള്‍ക്കിടയില്‍ പല വിഷയങ്ങളിലും ഭിന്നതരൂക്ഷമായിരുന്നു.