തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധനപ്രതിസന്ധി രൂക്ഷമാകുമ്പോഴും നിലവിലെ സാമ്പത്തിക സ്ഥിതി പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകുനില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. എല്ലാ വസ്തുക്കള്‍ക്കും തീ വിലയാണ്. ഇന്ധന സെസ് തെറ്റാണെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് ഡീസലിന്റെ വില്‍പ്പന കുറഞ്ഞു. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന നികുതിയാണ് കുറയുന്നത്. ട്രക്കുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡീസലടിച്ചാണ് കേരളത്തിലേക്ക് വരുന്നത്. സംസ്ഥാനത്ത് വച്ച് ഡീസലടിക്കുന്നില്ല. സെസ് കൂട്ടിയത് തെറ്റായ തീരുമാനമെന്ന പ്രതിപക്ഷ നിലപാട് അടിവരയിടുകയാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കൂടി. നെല്‍ കര്‍ഷകര്‍ക്ക് ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം നല്‍കിയിട്ടില്ല. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണ്. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള ഇടപെടല്‍ ഉണ്ടാകുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കൂടുന്നു. ഇതുവഴി സ്വര്‍ണ്ണത്തില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞു. സമാന്തര സ്വര്‍ണ്ണവിപണി തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വാറ്റിന് ശേഷം ജിഎസ്ടി വന്നപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും നികുതി ഭരണ സംവിധാനം പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ ഇത് പാതി വഴിയിലാണ്. ഇപ്പോഴത്തേത് പരിതാപകരമായ പുനഃസംഘടനയാണ്. നികുതി വകുപ്പ് ജീവനക്കാര്‍ക്ക് പണിയില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടം നികുതിവെട്ടിച്ച് നടക്കുമ്പോള്‍ ധനവകുപ്പ് നോക്കുകുത്തിയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
നികുതി വെട്ടിച്ച് കച്ചവടങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, നികുതി നല്‍കി, കറന്റ് ബില്ലും വാട്ടര്‍ ബില്ലുമടക്കമടച്ച് കച്ചവടം നടത്തുന്നവര്‍ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്. സപ്ലൈകോയെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സപ്ലൈകോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സപ്ലൈകോയില്‍ ടെന്‍ഡര്‍ നടപടികള്‍ പോലും നിലച്ചിരിക്കുന്നു. സപ്ലൈകോയ്ക്ക് ഓണത്തിന് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ല. രൂക്ഷമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത്. കുടുംബങ്ങളുടെ ചെലവ് വര്‍ധിച്ചു. ഇങ്ങനെ പോയാല്‍ ഓണക്കാലത്ത് സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയായിരിക്കും. ജീവിതം ദുരിത പൂര്‍ണ്ണമായിരിക്കുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സതീശന്‍ വ്യക്തമാക്കി.