തിരുവനന്തപുരം: റോഡിലെ ഗതാഗത നിയമലംഘനത്തിലൂടെ പിഴയീടാക്കാന്‍ മോട്ടര്‍വാഹന വകുപ്പും കെല്‍ട്രോണും ചേര്‍ന്നു റോഡുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും. അതേസമയം, സംസ്ഥാനത്ത് ആകെ റജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകള്‍ക്കു നിയമലംഘനത്തിന്റെ ഇ ചെലാന്‍ എസ്എംഎസ് ആയി ലഭിക്കില്ല. ഇത്രയും വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതാണു കാരണം.
2019നു ശേഷമാണു കേന്ദ്ര ഉപരിതല മന്ത്രാലയം വാഹന ഉടമകളുടെ വിവരങ്ങള്‍ പൂര്‍ണമായി പോര്‍ട്ടലില്‍ കയറ്റിയതെങ്കിലും കേരളം 2017ല്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. 2017 മുതല്‍ റജിസ്റ്റര്‍ ചെയ്തതും അതിനു മുന്‍പു റജിസ്റ്റര്‍ ചെയ്തവയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പിന്നീട് മോട്ടര്‍ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളെല്ലാമുണ്ട്. എന്നാല്‍ ഇതില്‍ രണ്ടിലും പെടാത്ത 70 ലക്ഷത്തോളം വാഹന ഉടമകളുണ്ട്. തപാല്‍ വകുപ്പ് വഴി അയയ്ക്കുന്ന ചെലാന്‍ നോട്ടീസിലൂടെ മാത്രമേ ഇവരെ നിയമലംഘന വിവരവും പിഴയൊടുക്കാനുള്ള നിര്‍ദേശവും അറിയിക്കാന്‍ കഴിയുകയുള്ളൂ. എസ്എംഎസ് ലഭിച്ചവര്‍ക്കും തപാല്‍ മാര്‍ഗം ചെലാന്‍ അയയ്ക്കും.
നിയമലംഘനം കണ്ടെത്തിയാല്‍ ഉടനടി എസ്എംഎസ് ലഭിക്കില്ല. ഇതിന് 7-13 ദിവസം സമയമെടുക്കും. ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തില്‍നിന്ന് കണ്‍ട്രോള്‍ റൂമിലെ ഓപ്പറേറ്റര്‍ നിയമലംഘനം സ്ഥിരീകരിക്കുകയാണ് ആദ്യഘട്ടം. ഇതു തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വറിലേക്ക് അയയ്ക്കണം. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്‍ അംഗീകരിക്കണം. ഇതിനുശേഷമാണു ചെലാന്‍ എസ്എംഎസ് ആയും തപാലായും അയയ്ക്കുക. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കാം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇതിനുശേഷമാണു പിഴയൊടുക്കേണ്ടത്. പിഴ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ലിക്കേഷന്‍ വഴിയാണു ശേഖരിക്കുന്നത്. പിന്നീട് ഇതു സംസ്ഥാനങ്ങള്‍ക്കു കൈമാറും.
12 വയസ്സില്‍ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരെങ്കില്‍ ഇവരെ ഒഴിവാക്കാനാണു ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തല്‍ക്കാലം ഇക്കാര്യത്തില്‍ പിഴയിടില്ല. വിഐപി വാഹനം, ആംബുലന്‍സ് തുടങ്ങിയവയും പരിശോധനയ്ക്കു ശേഷം ഒഴിവാക്കും. ക്യാമറകളുടെ ട്യൂണിങ് ഏതാണ്ടു പൂര്‍ത്തിയായി. ജില്ലാതല കണ്‍ട്രോള്‍ റൂമുകളിലായി 110 പേരെ കെല്‍ട്രോണ്‍ നിയോഗിച്ചുകഴിഞ്ഞു. 36 പേരെക്കൂടി രണ്ടുദിവസത്തിനകം നിയമിക്കും.
കുട്ടികളുടെ ഇളവ് നിഷേധിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍, ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഇളവില്ല. ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിന് വിരുദ്ധമെന്ന് എംപിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇളവ് തേടി സംസ്ഥാനം നല്‍കിയ കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.