തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. 16 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തി. ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പരുക്കേറ്റ ആറുപേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്കു മാറ്റി. വര്‍ക്കല സ്വദേശി നൗഷാദിന്റെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
സവാദ്, സജീര്‍, ഉമ്മര്‍, റൂബിന്‍, കഹാര്‍, സഹദ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സാരമുള്ള പരുക്കല്ലെന്നും പ്രാഥമിക ചികിത്സകള്‍ക്കുശേഷം ഇവരെ ആശുപത്രിയില്‍നിന്നു വിട്ടയയ്ക്കുമെന്നാണ് വിവരം. രാവിലെ മീന്‍പിടിക്കാനായി പോകവെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
തിരയുടെ ശക്തിയില്‍ വള്ളം മറിയുമ്പോള്‍ പൊഴിയിലെ കരിങ്കല്ലുകളിലും ടെട്രോപോഡുകളിലുമിടിച്ച് അപകടത്തിന്റെ വ്യാപ്തി വലുതാകുന്നത് തീരദേശത്തിന്റെ ഗുരുതര പ്രശ്‌നങ്ങളിലൊന്നാണ്. ഇങ്ങനെയുള്ള അപകടം കുറയ്ക്കാനായി അഴിമുഖത്തെ പാറയും മറ്റും നീക്കം ചെയ്യാന്‍ ഡ്രജിങ് പുരോഗമിക്കുകയാണ്.
ഇപ്പോള്‍ നാഗര്‍കോവിലില്‍നിന്നു കൊണ്ടുവന്ന 22 മീറ്റര്‍ നീളമുള്ള ക്രെയിന്‍ ഉപയോഗിച്ച് പാറയും മണലും നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നു. പൊഴിക്കു സമീപമുള്ള കല്ല് മാറ്റിയശേഷം ക്രെയിനെത്തിച്ച് കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന വലിയ പാറകള്‍ നീക്കം ചെയ്യും.