ഇങ്ങനെയൊരു വിലാപയാത്ര കേരളം കണ്ടിട്ടുണ്ടാവില്ല. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെടുമ്പോള്‍ കുടുംബാംഗങ്ങളോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ കരുതിയിരുന്നില്ല വഴിനീളെ കാത്തിരിക്കുന്നത് പതിനായിരങ്ങളാണെന്ന്. ആള്‍ക്കൂട്ടങ്ങളില്ലാതെ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നില്ല. എപ്പോഴും ജനക്കൂട്ടത്തിനു നടുവിലായിരുന്നു ആ നേതാവ്. ജനങ്ങളുടെ ആവശ്യങ്ങള്‍, പരാതികള്‍, പരിദേവനങ്ങള്‍ എല്ലാം ആ ചെവികള്‍ കേട്ടു, മനസറിഞ്ഞ് പരിഹാരം കണ്ടു. അങ്ങനെ ചേര്‍ത്തുപിടിച്ച പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കാന്‍ കാണാന്‍ ആ ജനാവലി മണിക്കൂറുകളോളം വഴിയരികില്‍ കാത്തുനിന്നു. സ്‌നേഹക്കടലായി എംസി റോഡ് മാറി. അന്ത്യയാത്രയിലും ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് ചരിത്രമെഴുതി.
ആ ജനക്കൂട്ടത്തെ ഉമ്മന്‍ ചാണ്ടി പ്രസം?ഗിച്ച് സ്വന്തമാക്കിയതായിരുന്നില്ല. വാക്കിലല്ല, പ്രവര്‍ത്തിയിലായിരുന്നു അദ്ദേഹം എപ്പോഴും വിശ്വസിച്ചത്. സഹായം തേടിയെത്തുന്ന ഒരാളോടും ആ മനുഷ്യന്‍ മറുത്തൊരു വാക്കു പറഞ്ഞില്ല. തന്നാലാവും വിധം എല്ലാവര്‍ക്കും സഹായം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പതിനായിരങ്ങള്‍ പങ്കുവച്ച ഓര്‍മ്മകള്‍ തന്നെ അതിനു ദൃഷ്ടാന്തം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചു പറഞ്ഞു.
സര്‍ക്കാര്‍ ഫയലുകളില്‍ തീര്‍പ്പുണ്ടാവുന്നതില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ജനസമ്പര്‍ക്ക പരിപാടി. അതിവേ?ഗം ബഹുദൂരം ഉള്ള ആ പ്രശ്‌നപരിഹാര മാര്‍?ഗം പുതുപ്പള്ളിയിലെ ഞായറാഴ്ച സദസുകളുടെ വിപുലീകരിച്ച രൂപമായിരുന്നു. പുതുപ്പള്ളിക്കാരുടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കാന്‍ ഞായറാഴ്ച തിരഞ്ഞെടുത്ത ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദത്തിലിരുന്ന് കേരളത്തെയൊന്നാകെ ജനസമ്പര്‍ക്ക പരിപാടിയിലേക്കെത്തിച്ചു. ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കാതെ പല കാര്യങ്ങളെയും യഥാസമയം പരിഹരിച്ചു.
ഉമ്മന്‍ ചാണ്ടി എന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസത്തിന്റെ പ്രതിരൂപമായിരുന്നു. ഇനി ഞങ്ങളാരോട് പറയും എന്ന് വിലപിക്കുന്ന ജനക്കൂട്ടം അനാഥമാകുന്നത് ആ അര്‍ത്ഥത്തിലാണ്. ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ ചാണ്ടി കാലയവനികയിലേക്ക് മറഞ്ഞതോടെ ഇല്ലാതാവുന്നത് ആ ജനങ്ങളെ ചേര്‍ത്തുപിടിച്ച ഏറ്റവും വിശ്വസ്തനായ അവരുടെ നേതാവാണ്. വിലാപയാത്ര കടന്നുവരുന്ന വഴികളില്‍ വികാരഭരിതരായി അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന എത്രയോ മനുഷ്യരെ കേരളം കണ്ടു. കൈകൂപ്പി കേണുകരയുന്നവര്‍, തങ്ങള്‍ അനാഥരായെന്ന് നിലവിളിക്കുന്നവര്‍, ഉറച്ച ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രിയനേതാവിന് വിട ചൊല്ലുന്നവര്‍, നന്ദിയോടെ ആ പ്രിയപ്പെട്ട മനുഷ്യനെ സ്മരിക്കുന്നവര്‍ തുടങ്ങി കണ്ണീരണിഞ്ഞ ആബാലവൃദ്ധം ജനം. ഇത്രയേറെ ജനങ്ങളോട് നേരിട്ട് സംവ?ദിച്ച മറ്റൊരു നേതാവ് ഉണ്ടാകുമോ, സംശയമാണ്.
അതിവേഗം ബഹുദൂരം പ്രശ്‌നപരിഹാരം കണ്ട് ജനങ്ങള്‍ക്കു നടുവില്‍ സാധാരണക്കാരനായി നിന്ന ആ മനുഷ്യന്‍ ഇനിയില്ല. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇനി ഓര്‍മ്മകളില്‍ അനശ്വരനാകും. ആ നഷ്ടം നികത്താനാവാത്ത ഒന്നായി രാഷ്ട്രീയകേരളത്തില്‍ ബാക്കിയാകും. ഇത്രയേറെ ജനങ്ങളുടെ സ്‌നേഹം കിട്ടിയ ഒരു നേതാവ്, അത് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അന്ത്യയാത്ര. പുതുപ്പള്ളി ഹൗസ് മുതല്‍ പുതുപ്പള്ളി വരെ നീണ്ട ആ അവസാനയാത്രയും കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി മണ്ണിലേക്ക് മടങ്ങുമ്പോള്‍ കക്ഷിരാഷ്ട്രീയഭേദമന്യേ കേരളം ഒന്നാകെ മനസില്‍ ഉരുവിടുന്നുണ്ട്, ഇത് തീരാനഷ്ടമെന്ന്.