തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ അവസാനിക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 11ന് വീണ്ടും ചേരും. സെപ്റ്റംബര്‍ 14വരെ സഭ സമ്മേളിക്കും. സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. സമ്മേളനം 24-ാം തീയതി വരെയാണ് തീരുമാനിച്ചിരുന്നത്. സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം സഭ പിരിഞ്ഞു.
ഇന്നലെ മൂന്നു ബില്ലുകളാണ് സഭ പരിഗണിച്ചത്. ഇന്ന് കേരള അബ്കാരി ഭേദഗതി ബില്‍ ഉള്‍പ്പെടെ മൂന്നു ബില്ലുകള്‍ പരിഗണിക്കും. ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നു രേഖപ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് അവതരിപ്പിക്കും.