കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയംപ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണം. മകളെ കൊന്ന പ്രതിക്ക് വധശിക്ഷ നല്‍കണം. കുഞ്ഞ് ഇപ്പോള്‍ തന്റേത് മാത്രമല്ല, കേരളത്തിന്റേത് കൂടിയാണ്. കേരളത്തിലെ സര്‍ക്കാരിനെതിരെ ഒരു പരാതിയുമില്ല. പൊലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പിതാവ് പറഞ്ഞു.
ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു.
ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലമിനെ റിമാന്‍ഡ് ചെയ്തു. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ മുഖം മറച്ചാണ് പ്രതിയെ കൊണ്ടു പോയത്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്നു നല്‍കും. ആലുവ പോക്‌സോ കോടതിയില്‍ പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. അസഫാക്കിന്റെ ബിഹാര്‍ പശ്ചാത്തലവും ആലുവയില്‍ എത്തിയ ശേഷമുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.