കോട്ടയം: ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങള്‍ നിറകണ്ണുകളോടെ ആംബുലന്‍സിനൊപ്പം നടന്നെത്തി. തുടര്‍ന്ന് പൊതുദര്‍ശനം ആരംഭിച്ചതോടെ പള്ളിക്കു പുറത്തു കാത്തുനിന്ന ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.
ആയിരക്കണക്കിന് ആളുകളുടെ പരാതികള്‍ക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ വിലാപ യാത്രയില്‍ പങ്കെടുത്തു. അക്ഷര നഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംങ്ഷനിലെത്തിയത്. സംസ്‌കാര ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.