തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനയില്‍ അംഗത്വമുണ്ടെങ്കില്‍ എന്തു നിയമവിരുദ്ധമായ കാര്യങ്ങളും ചെയ്യാമെന്ന സ്ഥിതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഇത്തവണ 38 പേരാണ് കേരളത്തില്‍നിന്നും ഐഎഎസുകാരായി തിരഞ്ഞെടുക്കപ്പെട്ടത്. അവരില്‍ പകുതിയിലധികംപേര്‍ പുറത്തെ സര്‍വലാശാലകളില്‍നിന്ന് ബിരുദം നേടിയവരാണ്. കേരളത്തില്‍നിന്ന് വ്യവസായവും കച്ചവടവും അകന്നു. വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളും കേരളത്തില്‍നിന്ന് അകലുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ കുറ്റകൃത്യനിരക്ക് കുറവാണെങ്കിലും നിയമം കൈയ്യിലെടുക്കാനുള്ള പ്രവണത കൂടുതലാണെന്നു ഗവര്‍ണര്‍ പറഞ്ഞു. ”എന്തു തെറ്റു ചെയ്താലും യൂണിയന്‍ സംരക്ഷിക്കും വിദ്യാര്‍ഥി സംഘടന സംരക്ഷിക്കും എന്ന ചിന്തയാണ്. അവര്‍ രാഷ്ട്രീയത്തില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ അനുഭവിക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച വളരെ ഗൗരവമുള്ളതാണ്. വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നത്. ക്രമസമാധാനം തകര്‍ന്നാല്‍ നമ്മളും വിദ്യാഭ്യാസ മേഖല തകര്‍ന്നാല്‍ ഭാവി തലമുറയുമാണ് സഹിക്കേണ്ടത്. കേരളത്തിലെ പകുതിയോളം സര്‍വകലാശാലകള്‍ക്ക് വിസിമാരില്ല. സര്‍വകലാശാലകളില്‍ പാര്‍ട്ടിക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നു.